താമരശ്ശേരി: കട്ടിപ്പാറ ഇരുതുള്ളിപുഴയുടെ തീരത്ത് 2019 മുതൽ പ്രവർത്തിക്കുന്ന കോഴിഅറവ് മാലിന്യ സംസ്കരണ പ്ലാന്റ് സൃഷ്ടിക്കുന്ന പരിസ്ഥിതി, പുഴ മലിനീകരണം കാരണം കോടഞ്ചേരി, ഓമശേരി, താമരശ്ശേരി പഞ്ചായത്തുകളിലെ ആയിരത്തോളം കുടുംബങ്ങൾ ദുരിതം അനുഭവിക്കുകയാണെന്ന പരാതിയിൽ അടിയന്തരമായി ഇടപെടണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് കോഴിക്കോട് ജില്ലാ കളക്ടർക്കും മലിനീകരണ നിയന്ത്രണ ബോർഡിനുമാണ് നിർദ്ദേശം നൽകിയത്. രണ്ടാഴ്ചക്കകം ഇക്കാര്യം പരിശോധിച്ച് റിപ്പോർട്ടുകൾ സമർപ്പിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. മാർച്ച് 26 ന് കോഴിക്കോട് ഗവ.ഗസ്റ്റ് ഹൗസിൽ
നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. ഇരുതുള്ളിപുഴ സംരക്ഷണ ജനകീയ സമിതിക്ക് വേണ്ടി കൺവീനർ പുഷ്പൻ നന്ദൻസും ചെയർമാൻ ബാബുവും സമർപ്പിച്ച പരാതിയിലാണ് നടപടി.