കോടഞ്ചേരി സെന്റ് ജോസഫ് എൽ പി സ്കൂളിലെ അധ്യാപികയായിരുന്ന അലീന ബെന്നിയുടെ മരണത്തിന് കാരണക്കാരായവരെ കണ്ടെത്തി നിയമത്തിനു മുൻപിൽ കൊണ്ടുവരണമെന്ന് കെഎസ്ടിഎ ആവശ്യപ്പെട്ടു.
അധ്യാപികയുടെ മരണത്തിൽ കുറ്റക്കാരായവരെ കണ്ടെത്തി ശിക്ഷ നടപടികൾക്ക് വിധേയമാക്കണമെന്ന ആവശ്യമുയർത്തി കെഎസ്ടിഎ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ പ്രതിഷേധ മാർച്ചും പൊതുയോഗവും സംസ്ഥാന ജനറൽ സെക്രട്ടറി ടി കെ എ ഷാഫി ഉദ്ഘാടനം ചെയ്തു.
ഇല്ലാത്ത തസ്തികയിൽ അധ്യാപികയെ നിയമിച്ച് വർഷങ്ങൾക്കുശേഷം ആനുകൂല്യങ്ങൾ ആവശ്യമില്ലെന്ന് നിർബന്ധപൂർവ്വം എഴുതി വാങ്ങിയ മാനേജ്മെന്റ് നടപടിയെക്കുറിച്ചും തുടർന്ന് നിയമിച്ച വിദ്യാലയത്തിൽ നിയമനാംഗീകാരം ലഭിക്കുന്നതിന് ആവശ്യമായ രേഖകൾ സമർപ്പിക്കാത്ത നടപടിയെ കുറിച്ചും സമഗ്രമായ അന്വേഷണം നടത്തണമെന്ന് പ്രതിഷേധ യോഗത്തിൽ സംസാരിച്ചുകൊണ്ട് ടി കെ എ ഷാഫി ആവശ്യപ്പെട്ടു.
ഇല്ലാത്ത തസ്തികകളിൽ നിയമിച്ച് അധ്യാപകരെ കബളിപ്പിക്കുന്ന മാനേജ്മെന്റുകളുടെ സമീപനത്തിനെതിരെ നിയമനിർമ്മാണം ഉൾപ്പെടെ നടത്തി നിയമനാധികാരം സർക്കാർ ഏറ്റെടുക്കണം. വസ്തുതകൾ വളച്ചൊടിച്ചുകൊണ്ട് സർക്കാരിനെതിരെ പ്രചരണം നടത്തുന്ന സംഘടനകളെയും മാധ്യമങ്ങളെയും സമൂഹം തിരിച്ചറിയണം. മാനേജ്മെന്റിന്റെ ശിക്ഷാധികാരം എടുത്തുമാറ്റുന്നതുൾപ്പെടേയുള്ള കാര്യങ്ങളിലും സർക്കാർ തീരുമാനമെടുക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
ജില്ലയുടെ വിവിധ ഭാഗങ്ങളിൽ എത്തിയ നൂറുകണക്കിന് അധ്യാപകർ പ്രക്ഷോഭത്തിൽ അണിനിരന്നു. ജില്ലാപ്രസിഡന്റ് എൻ. സന്തോഷ് കുമാർ
അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പി ജെ ബിനേഷ്, സംസ്ഥാന വൈ. പ്രസിഡന്റ് പി എസ് സ്മിജ, സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ വി പി രാജീവൻ, കെ ഷാജിമ,സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി സതീശൻ, വി പി മനോജ്,കെ എൻ സജീഷ് നാരായണൻ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി ആർ എം രാജൻ സ്വാഗതവും ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം ലൈജു തോമസ് നന്ദിയും പറഞ്ഞു.