താമരശ്ശേരി: താമരശ്ശേരി കെടവൂർ ജുമാ മസ്ജിദിനു മുന്നിൽ പ്രവർത്തിക്കുന്ന ഇറച്ചിക്കടയിലെ മാലിന്യ ടാങ്കിൽ നിന്നും ദുർഗന്ധം വമിക്കുന്ന മാലിന ജലം സമീപത്തെ ഉപയോഗശൂന്യമായ കിണറിലേക്ക് മോട്ടർ പമ്പ് സെറ്റ് ഉപയോഗിച്ച് ഒഴുക്കുന്നത് നാട്ടുകാർ തടഞ്ഞു.
ദുർഗന്ധം മൂലം പൊറുതിമുട്ടിയ പരിസരവാസികൾ പരിശോധന നടത്തിയപ്പോഴാണ് ഇറച്ചിക്കടയിൽ നിന്നും മാലിന്യം പമ്പ് ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടത്.
ഇറച്ചിക്കടക്ക് സമീപത്തെ സ്വകാര്യ വ്യക്തിയുടെ സ്ഥലത്തുള്ള ഉപയോഗശൂന്യമായ കിണറിലേക്ക് ഉടമ അറിയാതെയാണ് മലിനജലം ഒഴുക്കിയത്.
ഇറച്ചിക്കടയുടെ ഒരു ഭാഗത്ത് ജനവാസ കേന്ദ്രവും, ഇരു വശങ്ങളിലും വ്യാപാര സ്ഥാപനങ്ങളും, മുൻഭാഗത്ത് ദേശീയ പാതയും അതോട് ചേർന്ന് മദ്രസയും, ജുമാ മസ്ജിദും സ്ഥിതി ചെയ്യുന്നുണ്ട്.
പ്രശ്നത്തിന് പരിഹാരം കാണാതെ ഇറച്ചിക്കട തുറന്ന് പ്രവർത്തിക്കാൻ അനുവധിക്കില്ലെന്ന് നാട്ടുകാർ പറഞ്ഞു.