താമരശ്ശേരി: പുതുപ്പാടി കാവുംപുറത്ത് വയോധികനെ വൈദ്യുതി പോസ്റ്റിൽ കെട്ടിയിട്ട് മർദ്ദിച്ച കേസിലെ പ്രതികൾക്ക് മുൻകൂർ ജാമ്യം.
സ്ത്രീയോട് മോശമായി പെരുമാറി എന്നതിൻ്റെ പേരിൽ നൽകിയ പരാതിയിൽ റിമാൻ്റിലായിരുന്ന വയനാടൻ കുന്ന് സ്വദേശി കുഞ്ഞിമൊയ്തീൻ (71) നെ ജാമ്യത്തിൽ ഇറങ്ങി സഹോദരിയുടെ വീട്ടിൽ കഴിയും മ്പോൾ പരാതിക്കാരിയുടെ ബന്ധുക്കൾ ചേർന്ന് ജീപ്പിൽ കയറ്റിക്കൊണ്ടുപോയി വൈദ്യുതി പോസ്റ്റിൽ കെട്ടിയിട്ട് ആക്രമിച്ചു എന്ന കേസിൽ കോഴിക്കോട് പ്രിൻസിപ്പൽ ജില്ലാ കോടതിയാണ് പ്രതികൾക്ക് മുൻകൂർ ജാമ്യം അനുവദിച്ചത്.
മർദ്ദിച്ച് ജീപ്പിൽ കയറ്റിക്കൊണ്ടുപോയ കുഞ്ഞി മൊയ്തീനെ കാവുംപുറം അങ്ങാടിയിൽ വൈദ്യുതി പോസ്റ്റിൽ കെട്ടിയിട്ട്
ആക്രമിച്ച് ആൾക്കൂട്ട വിചാരണ നടത്തിയതിൻ്റെ പേരിൽ താമരശ്ശേരി പോലീസ് രജിസ്റ്റർ ചെയ്‌ത ക്രൈം 72/2025 നമ്പർ കേസിലെ പ്രതികൾക്കാണ് കോഴിക്കോട് പ്രിൻസിപ്പൽ ജില്ലാ കോടതി ജഡ്‌ജി ബിന്ദു കുമാരി. വി. എസ്. മുൻകൂർ ജാമ്യം അനുവദിച്ചത്.
കഴിഞ്ഞ ജനുവരി 26ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം.
കേസിൽ ഒന്നാം പ്രതി റിട്ടയേർഡ് പോലീസ് ഉദ്യോഗസ്ഥനായ അബ്ദുറഹ്മാൻ, ഇയാളുടെ ബന്ധുക്കളായ അനസ് റഹ്മാൻ, ഉബൈദ്, പൊന്നൂട്ടൻ, ഷാമിൽ എന്നിവർക്കാണ് മുൻകൂർ ജാമ്യം ലഭിച്ചത്.
അബ്ദുറഹ്മാന്റെ ബന്ധുവിനോട് മോശമായി പെരുമാറിയെന്ന കേസിൽ റിമാൻഡ് കഴിഞ്ഞിറങ്ങിയ കുഞ്ഞു മൊയ്തീനെ തട്ടിക്കൊണ്ടുപോയി മർദ്ദിക്കുകയായിരുന്നു. നടുറോട്ടിൽ പട്ടാപ്പകൽ നടത്തിയ ആൾക്കൂട്ട വിചാരണയുടെയും അക്രമത്തിന്റെയും ദൃശ്യം പുറത്തുവന്നിരുന്നു.