അഴുകാത്ത, പുതിയ കോഴി മാലിന്യം മാത്രം കൊണ്ടുപോകാൻ തീരുമാനം. ഇതിന് പുറമെ നിലവിൽ പ്ലാന്റിലേക്ക് കൊണ്ടുപോകുന്ന കോഴി മാലിന്യത്തിൽ 10 മുതൽ 15 ടൺ വരെ അയൽ ജില്ലയിലേക്ക് ആ ജില്ലയിലെ ഡിഎൽഎഫ്എംസി (ഡിസ്ട്രിക്റ്റ് ലെവൽ ഫെസിലിറ്റേഷൻ & മോണിറ്ററിംഗ് കമ്മിറ്റി) അനുമതിയോടെ കൊണ്ടുപോകാനും തീരുമാനമായി.
ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗിന്റെ അധ്യക്ഷതയിൽ ചേർന്ന ഡിഎൽഎഫ്എംസി യോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. യോഗത്തിന് മുൻപ് ജില്ലാ കളക്ടർ കട്ടിപ്പാറ പ്ലാന്റിനെതിരെ സമര രംഗത്തുള്ള സമരസമിതി ഭാരവാഹികളുമായും സംസാരിച്ചെങ്കിലും തൃപ്തരാവാതെ സമരസമിതി ഭാരവാഹികൾ യോഗത്തിൽ നിന്നും ഇറങ്ങിപ്പോയി.
DLFMC തീരുമാനപ്രകാരം 20 മുതൽ 25 ടണ്ണോളം അഴുകാത്ത, പുതിയ കോഴി മാലിന്യം മാത്രമായിരിക്കും കട്ടിപ്പാറ പ്ലാന്റിലേക്ക് കൊണ്ടുപോകുക.
അയൽ ജില്ലയിലെ ഡിഎൽഎഫ്എംസി അനുമതി ലഭിച്ച ശേഷമായിരിക്കും മാലിന്യം ആ ജില്ലയിലേക്ക് കൊണ്ടുപോകുക. ഈ സംവിധാനം മാർച്ച് ഒന്നുമുതൽ നടപ്പാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ.
അയൽജില്ലയിൽ ഫ്രഷ് കട്ട് പുതുതായി ഏറ്റെടുത്ത പ്ലാന്റിലേക്കായിരിക്കും
മാലിന്യം കൊണ്ടുപോകുക.
ഇതിനുപുറമേ കോഴിക്കോട് ജില്ലയെ നാല് താലൂക്ക് അടിസ്ഥാനത്തിൽ സോണുകളായി തിരിച്ച് അവിടങ്ങളിൽ വലിയ കണ്ടെയ്നർ ഫ്രീസർ സ്ഥാപിക്കുമെന്ന് ഫ്രഷ് കട്ട് പ്രതിനിധികൾ യോഗത്തിൽ അറിയിച്ചു.
ഈ കണ്ടയിനറുകളിൽ സംഭരിക്കുന്ന അഴുകാത്ത മാലിന്യമാണ് കട്ടിപ്പാറ പ്ലാന്റിലേക്ക് കൊണ്ടുപോകുക. ഈ സംവിധാനം മാർച്ച് 31 ഓടെ നടപ്പിൽ വരുത്തും.
സമരരംഗത്തുള്ള ജനങ്ങളുടെ പരാതി പരിഗണിച്ച് താമരശ്ശേരി, ഓമശ്ശേരി, കോടഞ്ചേരി ഗ്രാമപഞ്ചായത്തുകളിലെ പുഴയിൽ നിന്നുള്ള സാമ്പിളുകൾ
പരിശോധിക്കാൻ ജില്ലാ കലക്ടർ മലിനീകരണ നിയന്ത്രണ ബോർഡിന് നിർദേശം നൽകി. ജനങ്ങളുടെ ആവശ്യപ്രകാരം വൈകുന്നേരമോ അതിരാവിലെയോ എത്തിയായിരിക്കും സാമ്പിളുകൾ എടുത്ത് പ്ലാൻറ് കാരണം മലിനീകരണം സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുക.
ഓമശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ നിർദ്ദേശപ്രകാരം ഓമശ്ശേരി ഗ്രാമപഞ്ചായത്തിൽ നിന്നുള്ള പുതിയ
കോഴി മാലിന്യം
എടുക്കാനും കളക്ടർ കമ്പനിയോട് നിർദേശിച്ചു. നേരത്തെ അഴുകിയ മാലിന്യം കൊണ്ടുപോകുന്നതായി ചൂണ്ടിക്കാട്ടി നാട്ടുകാർ ഫ്രഷ് കട്ടിന്റെ വണ്ടികൾ തടഞ്ഞതിനാൽ ഓമശ്ശേരിയിൽ നിന്നും കോഴി മാലിന്യം ശേഖരിക്കുന്നത് നിർത്തിയിരുന്നു.
ജില്ലയിലെ കോഴി സ്റ്റാളുകളിൽ നിന്നുള്ള മാലിന്യം അഴുകാൻ ഇടവരാത്ത വിധം അന്നു തന്നെ ശേഖരിക്കണം എന്നും ജില്ലാ കലക്ടർ കമ്പനിയോട് ആവശ്യപ്പെട്ടു.
കട്ടിപ്പാറയിലെ കോഴി മാലിന്യം സംസ്കരിക്കുന്ന ഫ്രഷ് കട്ട് എഫ്ലൂയന്റ് ട്രീറ്റ്മെന്റ് പ്ലാന്റ് ജില്ലയിലാകെ ഒന്നാണുള്ളത്.
കോഴിക്കോട് ജില്ലയിൽ ദിവസം 80 ടണ്ണിലേറെ കോഴി മാലിന്യം ഉൽപ്പാദിപ്പിക്കുന്നു എന്നാണ് കണക്ക്. എന്നാൽ കട്ടിപ്പാറ പ്ലാന്റിന് 30 ടൺ മാത്രമാണ് സംസ്കരണ ശേഷി.
അഴുകിയ കോഴി മാലിന്യം പ്ലാന്റിൽ എത്തുകവഴി പ്രദേശത്താകെ ദുർഗന്ധം പരക്കുന്നുണ്ടെന്നും പുഴയിലെ വെള്ളം മലിനമാകുന്നു എന്നുമാണ് പ്രദേശവാസികളുടെ പരാതി.
ഫ്രീസർ സംവിധാനമുള്ള വലിയ മൂന്ന് കണ്ടെയ്നർ വണ്ടികൾ പുതുതായി റൂട്ടിൽ ഇറക്കുമെന്നും കമ്പനി അധികൃതർ അറിയിച്ചു. മാർച്ച് 31 ന് കണ്ടെയ്നർ സംവിധാനം വരുന്നതോടെ ദുർഗന്ധം പൂർണ്ണമായും ഇല്ലാതാകുമെന്നാണ് യോഗത്തിൻ്റെ വിലയിരുത്തൽ.
ജില്ലയിൽ കൂടുതൽ പ്ലാന്റുകൾ വന്നാൽ മാത്രമേ പ്രശ്നത്തിന് ശാശ്വത പരിഹാരം ഉണ്ടാവുകയുള്ളൂ എന്നാണ് പൊതു അഭിപ്രായം.
യോഗത്തിൽ
കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അലക്സ് തോമസ്, ഓമശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി കെ ഗംഗാധരൻ, താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ അരവിന്ദൻ, കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പ്രേംജി ജയിംസ്, മലിനീകരണ നിയന്ത്രണ ബോർഡ് എൻവായോൺമെന്റൽ എഞ്ചിനീയർ സൗമ ഹമീദ്, ശുചിത്വ മിഷൻ ജില്ലാ കോർഡിനേറ്റർ എം ഗൗതമൻ, തദ്ദേശസ്വയം ഭരണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ബൈജു ജോസ്, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
എന്നാൽ മുമ്പും എടുത്ത പല തീരുമാനങ്ങളും നടപ്പിലാക്കാൻ തയ്യാറാവാതെ ജനങ്ങളെ ബുദ്ധിമുട്ടിച്ച കമ്പനിയുടെ വാക്കുകളിൽ വിശ്വാസമില്ലെന്നും, അയൽ ജില്ലകളിലേതുപോലെ കൂടുതൽ കമ്പനികൾക്ക് പ്രവർത്തനാനുമതി നൽകിയും, ഫ്രഷ് ക്കട്ട് അടച്ചു പൂട്ടിയും ഓമശ്ശേരി, കോടഞ്ചേരി, താമരശ്ശേരി പഞ്ചായത്ത് നിവാസികളെ ദുരിതത്തിൽ നിന്നും മോചിപ്പിക്കണമെന്നുമാണ് ഇരുതുള്ളി പുഴ സംരക്ഷണ സമിതിയുടേയും, ഫ്രഷ് ക്കട്ട് വിരുദ്ധ സമരസമിതിയുടേയും ആവശ്യം. ഈ ആവശ്യമുന്നയിച്ച് സമരം കൂടുതൽ ശക്തമാക്കുന്നതിൻ്റെ ഭാഗമായി നാളെ കട്ടിപ്പാറ പഞ്ചായത്തിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തും..