Trending

അധ്യാപികയുടെ മരണം; സമഗ്രമായ അന്വേഷണം നടത്തണം, DYFI പ്രതിഷേധ കൂട്ടായ്മ നടത്തി.

കട്ടിപ്പാറ: കോടഞ്ചേരി സെൻ്റ്. ജോസഫ്‌സ് എൽ.പി സ്കൂ‌ളിലെ അധ്യാപികയായ കട്ടിപ്പാറ സ്വദേശിനി അലീന ബെന്നി ആത്മഹത്യ ചെയ്ത സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ കട്ടിപ്പാറ പഞ്ചായത്ത്‌ കോർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.പരിപാടി ഡിവൈഎഫ്ഐ താമരശ്ശേരി ബ്ലോക്ക്‌ സെക്രട്ടറി ടി. മഹറൂഫ് ഉദ്ഘാടനം ചെയ്തു. അഖിൽ എൻ. അധ്യക്ഷത വഹിച്ചു. അഖിൽ മലയിൽ, മുഹമ്മദ്‌ സിനാൻ, സി.പി നിസാർ തുടങ്ങിയവർ സംസാരിച്ചു.
അഞ്ച് വർഷമായി അധ്യാപക ജോലി ചെയ്യുന്ന അലീന ബെന്നിയുടെ നിയമനം സംബന്ധിച്ച് മാനേജ്‌മെൻ്റ് നടത്തിയ ക്രമക്കേടും നിയമനത്തിനായി പണം വാങ്ങിയിട്ടുണ്ടെന്ന ആരോപണവും അന്വേഷണ പരിധിയിലുൾപ്പെടുത്തണം .
താമരശ്ശേരി കേന്ദ്രമായി പ്രവർത്തിക്കുന്ന കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന കട്ടിപ്പാറ നസ്രത്ത് എൽ.പി സ്കൂ‌ളിൽ 2021-ൽ നിലവിലില്ലാത്ത തസ്‌തികയിൽ നിയമനം നടത്തി അധ്യാപികയെ കബളിപ്പിക്കുകയാണ് മാനേജ്‌മെൻ്റ് ചെയ്‌തത്. 2024 ജൂണിൽ കോടഞ്ചേരിയിൽ നിയമനം നൽകുകയും നിയമപ്രകാരം നൽകേണ്ട രേഖകൾ സമർപ്പിക്കാൻ വിദ്യാഭ്യാസ വകുപ്പുദ്യോഗസ്ഥർ പല പ്രാവശ്യം ആവശ്യപ്പെട്ടിട്ടും 2025 ജനുവരി വരെ നൽകാതെയിരിക്കുകയും ചെയ്‌തു. മാനേജ്‌മെൻ്റിൻ്റെ ഇത്തരം നടപടികളെല്ലാം തന്നെ അധ്യാപികയെ കടുത്ത മാനസിക പ്രയാസത്തിൽ കൊണ്ടെത്തിച്ചു എന്നാണ് മനസ്സിലാവുന്നത്. ഈ വിഷയത്തിൽ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് ഡിവൈഎഫ്ഐ ആവശ്യപ്പെടുന്നു.കുടുംബത്തിന് നീതി ലഭിക്കാൻ ഡിവൈഎഫ്ഐ ആവശ്യമായ ഇടപെടൽ നടത്തും.

Post a Comment

Previous Post Next Post