മഞ്ഞപ്പിത്തം: ഉപ്പിലിട്ടവ വിൽക്കുന്ന കടകളിൽ വ്യാപക പരിശോധന.
താമരശ്ശേരി∙ മഞ്ഞപ്പിത്തവും മറ്റു പകർച്ചാവ്യാധികളും പടരുന്ന സാഹചര്യത്തിൽ താമരശ്ശേരി ഗ്രാമപഞ്ചായത്തിൽ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ വ്യാപക പരിശോധന.
വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ, ലൈസൻസും കുടിവെള്ള പരിശോധനാ സർട്ടിഫിക്കറ്റും ഇല്ലാതെ പൊടിപടലങ്ങളാൽ ചുറ്റപ്പെട്ട തട്ടുകടകൾ, ഉപ്പിലിട്ടതും ജ്യൂസും വിൽക്കുന്ന കടകൾ എന്നിവിടങ്ങളിൽ പരിശോധ നടത്തി.
മഞ്ഞപ്പിത്തം വ്യാപിക്കാൻ കാരണം ഉപ്പിലിട്ട വസ്തുക്കളാണെന്ന റിപ്പോർട്ടിനെ തുടർന്ന് ഇവയുടെ വിൽപന നടത്തുന്ന കടകളിൽ പ്രത്യേക പരിശോധനടത്തിയത്. റംസാൻ വൃതം ആരംഭിച്ചതോടെ പഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിൽ വ്യാപകമായി ഉപ്പിലിട്ടത് വിൽക്കുന്ന കടകൾ ആരംഭിച്ചിട്ടുണ്ട്.
ഉപ്പിലിട്ട പഴവർഗങ്ങൾ, കുലുക്കി സർബത്ത്, ദംഡോസ, മസാല സോഡ, എരിവും പുളിയും മറ്റു മസാലക്കൂട്ടുകളും ചേർത്തുള്ള പാനീയങ്ങൾ എന്നിവ വിൽപന നടത്തുന്ന കടകളിലും മറ്റു സ്ഥാപനങ്ങളിലും പരിശോധന നടത്തി.
എരിവും പുളിയും മറ്റു മസാലക്കൂട്ടുകളും ചേർത്തുള്ള പാനീയങ്ങൾ കിഡ്നി, കരൾ എന്നിവയെ ദോഷകരമായി ബാധിക്കുമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകുന്നു.
മഞ്ഞപ്പിത്തം അടക്കമുള്ള രോഗഭീഷണി നേരിടുന്ന സാഹചര്യത്തിൽ ഇത്തരം പാനീയങ്ങൾ തയാറാക്കാൻ ഉപയോഗിക്കുന്ന വെള്ളം, കുടിച്ചതിനു ശേഷം ഗ്ലാസുകൾ കഴുകുന്ന രീതി എന്നിവയും ആരോഗ്യവകുപ്പ് പരിശോധിച്ചു.
അനധികൃതമായി പ്രവർത്തിക്കുന്ന കടകൾക്ക് നോട്ടീസ് നൽകി .
ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ പാലിക്കാത്തവർക്കെതിരെ പഞ്ചായത്തിരാജ് ആക്ട്, KPH ആക്ട് എന്നിവ പ്രകാരം നടപടി സ്വീകരിക്കും. ഉപ്പിലിട്ടത് വിൽക്കുന്ന കടകൾക്കെതിരെ പരാതി ഉയർന്നതിനെ തുടർന്നാണ് പരിശോധന നടത്തിയത്.
ആരോഗ്യവകുപ്പ് ഹെൽത്ത് ഇൻസ്പെക്ടർ സുരേഷ് കുമാർ, പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ ഉണ്ണികൃഷ്ണൻ, ജെഎച്ച്ഐമാരായ ഗിരീഷ് കുമാർ, നീതു ഇ, ആര്യ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.