താമരശ്ശേരി: ക്രിസ്മസ് ചോദ്യപേപ്പർ ചോർച്ച കേസിൽ പ്രതികളെ കസ്റ്റഡിയിൽ വിട്ടു. എംഎസ് സൊലൂഷൻസ് സിഇഒ ഷുഹൈബ്; ചോദ്യപ്പപ്പർ ചോർത്തി നൽകിയ മഅ്ദിൻ സ്കൂളിലെ പ്യൂൺ അബ്ദുൽ നാസർ എന്നിവരെ ഈ മാസം 13 വരെയാണ് ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടത്.
മുൻകൂർ ജാമ്യഹർജി ഹൈകോടതി തള്ളിയതോടെയാണ് ഷുഹൈബ് കോഴിക്കോട്ക്രൈം ബ്രാഞ്ച് ഓഫീസിലെത്തി കീഴടങ്ങിയത്. ചോർത്തിക്കിട്ടിയ ചോദ്യപേപ്പർ ഉപയോഗിച്ചാണ് കോഴിക്കോട് കൊടുവള്ളിയിലെ എംഎസ് സൊലൂഷ്യന്‍സ് എന്ന സ്ഥാപനം പ്രവചന ചോദ്യങ്ങള്‍ നല്‍കിയിരുന്നതെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ വ്യക്തമായിരുന്നു.
ഫഹദ് എന്ന അധ്യാപകന്‍ മുഖേനയാണ് ചോദ്യം എംഎസ് സൊലൂഷ്യന്‍സിലെത്തിയത്. മേല്‍മുറിയിലെ ഒരു സ്വകാര്യ ഹയർസെക്കന്‍ഡറി സ്കൂളില്‍ നിന്ന് ചോദ്യപേപ്പർ ചോർത്തി നല്‍കിയ പ്യൂണ്‍ അബ്ദുല്‍ നാസറിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. പ്ലസ് വണ്‍ സയന്‍സിന്റെ നാലു വിഷയങ്ങളാണ് ചോർത്തി നല്കിയത്. മുന്‍വർഷങ്ങളിലും ചോദ്യങ്ങള്‍ ചോർത്തിയതായും നാസർ മൊഴി നല്‍കിയിരുന്നു.