Trending

ഈങ്ങാപ്പുഴ കൊലപാതകം: യാസിറിനെ താമരശേരി കോടതി റിമാൻഡ് ചെയ്തു




താമരശ്ശേരി: ഈങ്ങാപ്പുഴയിൽ ഭാര്യയെ കുത്തി കൊലപ്പെടുത്തിയ പ്രതി യാസിറിനെ താമരശേരി കോടതി റിമാൻഡ് ചെയ്തു. പ്രതിയെ കോഴിക്കോട് ജില്ലാ ജയിലിലേക്ക് മാറ്റി. രാത്രി 8.30ഓടെയാണ് പ്രതിയെ കോടതിയിൽ ഹാജരാക്കിയത്.

ഭാര്യയെ കുത്തി കൊലപ്പെടുത്തിയ പ്രതി സ്വബോധത്തോടെയാണ് കൃത്യം നടത്തിയതെന്ന് നേരത്തെ പൊലീസ് അറിയിച്ചിരുന്നു. ലഹരി ഉപയോഗം മൂലമുള്ള കുടുംബ പ്രശ്നങ്ങളാണ് കൊലപാതകത്തിന് കാരണമെന്നും പൊലീസ് കണ്ടെത്തി. മരിച്ച ഷിബിലയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് കൊടുത്തു.

കഴിഞ്ഞ ജനുവരി 18ന്, യാസറിൻ്റെ സുഹൃത്തായ ആഷിക് ഉമ്മ സുബൈദയെ കൊലപ്പെടുത്തിയ വാർത്ത കേട്ട ശേഷം യാസിറിന്റെ ഭാര്യ ഷിബില ഭയത്തിലാണ് കഴിഞ്ഞിരുന്നത്. ഷിബില ഭയപ്പെട്ടതുപോലെ തന്നെ ഒടുവിൽ അത് സംഭവിച്ചു. ലഹരി ഉപയോഗം ഒരു കുടുംബത്തെ കൂടി ഇല്ലാതാക്കിയിരിക്കുന്നു. കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ഷിബിലയുടെ കഴുത്തിലാണ് യാസർ കുത്തിയത്. ആഴത്തിലുള്ള രണ്ടു മുറിവുകളാണ് കഴുത്തിലുള്ളത്. ശരീരമാസകലം യാസിർ കുത്തിപ്പരിക്കേൽപ്പിച്ച മറ്റ് 11 മുറിവുകളും. തടയാൻ ശ്രമിച്ച മാതാപിതാക്കളെയും യാസർ കുത്തിപ്പരിക്കേൽപ്പിച്ചു


യാസറിന്റെ ലഹരി ഉപയോഗം കുടുംബ വഴക്കിലേക്ക് എത്തുകയായിരുന്നു. ലഹരി ഉപയോഗിക്കുന്നത് നിർത്താൻ ഷിബില പലവട്ടം യാസിറിനോട് ആവശ്യപ്പെട്ടിരുന്നു. അനുസരിക്കാതെ വന്നതോടെയാണ് ഷിബില കുഞ്ഞുമായി സ്വന്തം വീട്ടിലേക്ക് പോയത്. ഫോൺ വിളിച്ചും സാമൂഹിക മാധ്യമങ്ങൾ വഴിയും യാസർ ഉപദ്രവം തുടർന്നതോടെ ഷിബിലയും വീട്ടുകാരും താമരശ്ശേരി പോലീസ് സ്റ്റേഷനിലെത്തി ഫെബ്രുവരി 28-ന് പരാതി നൽകിയിരുന്നു. ഷിബിലയുടെയും കുഞ്ഞിന്റെയും വസ്ത്രങ്ങളും സർട്ടിഫിക്കറ്റുകളും യാസിറിന്റെ വീട്ടിലായിരുന്നു. പൊലീസിൽ പരാതി നൽകിയതിൽ പ്രകോപിതനായ യാസിർ വസ്ത്രങ്ങൾ കൂട്ടിയിട്ട് കത്തിച്ച് ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചു. എന്നാൽ പൊലീസിന്റെ തുടർ നടപടികൾ മധ്യസ്ഥ ചർച്ചയിൽ ഒതുക്കുകയായിരുന്നു

Post a Comment

Previous Post Next Post