കോഴിക്കോട് – വയനാട് ജില്ലകളുടെ സ്വപ്‌ന പദ്ധതിയായ തുരങ്ക പാത യാഥാർത്ഥ്യമാകുന്നു. അന്തിമ അനുമതി നൽകാൻ സംസ്ഥാന പരിസ്ഥിതി ആഘാത നിർണ്ണയ അതോറിറ്റിക്ക് വിദഗ്ദ സമിതി ശുപാർശ ചെയ്തു. വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ നിർമ്മാണം ആരംഭിക്കാമെന്ന് ശുപാർശ. അന്തിമ ഉത്തരവ് ഉടൻ ഇറങ്ങുമെന്ന് തിരുവമ്പാടി എം എൽ എ ലിൻ്റോ ജോസഫ് അറിയിച്ചു.
ആനക്കാംപൊയിൽ – കള്ളാടി – മേപ്പാടി തുരങ്കപാത യാഥാർത്ഥ്യത്തിലേയ്ക്ക് അടുക്കുകയാണ്. മറിപ്പുഴയിൽ നിന്ന് മീനാക്ഷി ബ്രിഡ്ജിലേക്ക്. 8.173 കിലോമീറ്റർ ദൂരം. 2134 കോടി രൂപ നിർമ്മാണ ചെലവ്. പരിസ്ഥിതി ലോല പ്രദേശത്തായതിനാൽ ഉചിതമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ചാകും നിർമ്മാണം. ഇതാണ് ശുപാർശയുടെ കാതൽ. മണ്ണിടിച്ചിൽ സാധ്യതയുള്ള സ്ഥലങ്ങളിൽ സൂഷ്മസ്‌കെയിൽ മാപ്പിംഗ് തുടർച്ചയായി നടത്തുകയും നിരീക്ഷിക്കുകയും ചെയ്യും. സംസ്ഥാന പരിസ്ഥിതി ആഘാത നിർണ്ണയ അതോറിറ്റിക്ക് വിദഗ്ദ സമിതി ശുപാർശ ചെയ്തതോടെ നിർമ്മാണ പ്രവർത്തനങ്ങളിലേയ്ക്ക് കടക്കാമെന്ന് എം എൽ എ ലിൻ്റോ ജോസഫ് വ്യക്തമാക്കി.