താമരശ്ശേരി: ഈങ്ങാപ്പുഴയിൽ ഷിബിലയുടെ കൊലപാതകത്തിൽ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ. ഷിബിലയുടെ മരണത്തിന് കാരണം താമരശ്ശേരി പൊലീസ് നിഷ്ക്രിയത്വമാണെന്ന പരാതിയിലാണ് കേസെടുത്തത്. ഏപ്രിൽ 29 ന് കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിങ്ങിൽ കേസ് പരിഗണിക്കും. കോഴിക്കോട് റൂറൽ ജില്ലാ പൊലീസ് മേധാവി അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് മനുഷ്യാവകാശ കമ്മീഷന്‍റെ നിർദേശം
അതേസമയം, ഷിബില നൽകിയ പരാതി ഗൗരവത്തിൽ എടുത്തില്ലെന്ന കാരണം കാട്ടി താമരശേരി ഗ്രേഡ് എസ്ഐ നൗഷാദിനെ സസ്പെൻഡ് ചെയ്തു. സ്റ്റേഷൻ പിആർഒ ആയ നൗഷാദ് ആണ് ഷിബിലയുടെ പരാതി കൈകാര്യം ചെയ്തത്. ഇതാണ് നടപടിക്ക് കാരണമായത്. നൗഷാദിനെതിരെ ഷിബിലയുടെ കുടുംബം പരാതി നൽകിയിരുന്നു.
പ്രതി യാസിറിൽ നിന്നും അപകടഭീഷണി ഉണ്ടെന്ന് പരാതി നൽകിയിട്ടും പൊലീസിൻ്റെ ഭാഗത്ത് നിന്ന് യാതൊരു നടപടിയും ഉണ്ടായില്ലെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം. മെല്ലെപ്പോക്ക് നയം സ്വീകരിച്ച പൊലീസിനെതിരെ നടപടി സ്വീകരിക്കണമെന്നും ഷിബിലയുടെ പിതാവ് ആവശ്യപ്പെട്ടിരുന്നു. പ്രതി യാസിറിന് കടുത്ത ശിക്ഷ നൽകണമെന്നും ലഹരിയുടെ അതിപ്രസരം കൊണ്ടുണ്ടായ കൊലപാതകമാണെന്നും കുടുംബം ആരോപിച്ചു. യാസിറിൻ്റെ കുടുംബത്തേയും ഷിബിലയുടെ പിതാവ് കുറ്റപ്പെടുത്തി.
പ്രതിയുടെ ഉമ്മ കൊലയെ ന്യായീകരിക്കുന്നത് ആയി കണ്ടു. അഞ്ച് വർഷമായി മകളുടെ വിവാഹം കഴിഞ്ഞിട്ട്, രണ്ട് വർഷം ആയി കുടുംബവുമായി നല്ല അടുപ്പമാണ്. പ്രശ്നം ഉണ്ടെന്ന് അറിഞ്ഞപ്പോൾ പള്ളിക്കമ്മിറ്റിയിൽ വിവരം അറിയിച്ചു. പ്രശ്ന പരിഹാരത്തിന് വിളിച്ചപ്പോൾ യാസിറിൻ്റെ കുടുംബം ഒഴിഞ്ഞു മാറിയെന്നും ഷിബിലയുടെ പിതാവ് പറഞ്ഞു.
കഴിഞ്ഞ ജനുവരി 18ന്, യാസറിൻ്റെ സുഹൃത്തായ ആഷിക് ഉമ്മ സുബൈദയെ കൊലപ്പെടുത്തിയ വാർത്ത കേട്ട ശേഷം ഷിബില ഭയത്തിലാണ് കഴിഞ്ഞിരുന്നത്. ഷിബില ഭയപ്പെട്ടതുപോലെ തന്നെ ഒടുവിൽ അത് സംഭവിച്ചു. മാർച്ച് 18ന്, കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ഷിബിലയുടെ കഴുത്തിലാണ് യാസിർ കുത്തിയത്. ആഴത്തിലുള്ള രണ്ടു മുറിവുകളാണ് കഴുത്തിലുണ്ടായിരുന്നത്. ശരീരമാസകലം യാസിർ കുത്തിപ്പരിക്കേൽപ്പിച്ച മറ്റ് 11 മുറിവുകളുമുണ്ടായിരുന്നു തടയാൻ ശ്രമിച്ച മാതാപിതാക്കളെയും യാസിർ കുത്തിപ്പരിക്കേൽപ്പിച്ചിരുന്നു