Trending

ഹുസൈൻ കാരാടിയെ പബ്ലിക് ലൈബ്രറി അനുസ്മരിച്ചു




താമരശ്ശേരി പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ രാജീവ് ഗാന്ധി ഓഡിറ്റോറിയത്തിൽ നടന്ന ഹുസൈൻ കാരാടി അനുസ്മരണം കവി പി.പി. ശ്രീധരനുണ്ണി ഉദ്ഘാടനം ചെയ്യുന്നു._


താമരശ്ശേരി: വായനക്കാരന്റെയും എഴുത്തുകാരുടെയും മനസ്സുകൾ വായിച്ചെടുത്ത സർഗധനനായ സാഹിത്യപ്രതിഭയായിരുന്നു അന്തരിച്ച പ്രശസ്ത റേഡിയോ നാടകകൃത്തും എഴുത്തുകാരനുമായ ഹുസൈൻ കാരാടിയെന്ന് കവി പി.പി. ശ്രീധരനുണ്ണി. താമരശ്ശേരി പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ രാജീവ് ഗാന്ധി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ഹുസൈൻ കാരാടി അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
  പല എഴുത്തുകാരും അവരുടേതായ ലോകത്ത് മാത്രം ഒതുങ്ങുമ്പോൾ സൗമ്യനായിരുന്ന ഹുസൈൻ കാരാടി രചനയുടെയും സൗഹൃദത്തിന്റെയും ലോകം വിശാലമാക്കി. സംസാരത്തിലും സാഹിത്യത്തിലും ഉപയോഗിച്ച ഭാഷ പോലെ തന്നെ കൃത്രിമമല്ലാത്ത കഥാപാത്രങ്ങളായിരുന്നു ഹുസൈൻ കാരാടിയുടെ രചനകളിൽ ഏറെയുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
  
ആകാശവാണി മഞ്ചേരി നിലയം പ്രോഗ്രാം മേധാവി സി. കൃഷ്ണകുമാർ , ആകാശവാണി കോഴിക്കോട് മുൻ പ്രോഗ്രാം എക്‌സിക്യുട്ടീവ് പുഷ്പ തിക്കോടിയൻ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.

   ലൈബ്രറി പ്രസിഡന്റ് ജോസഫ് മാത്യു അധ്യക്ഷനായ ചടങ്ങിൽ ആമിന ഹുസൈൻ ഹുസൈൻ കാരാടിയുടെ ഫോട്ടോ അനാച്ഛാദനം നടത്തി. ഹുസൈൻ കാരാടി സ്മാരക വായനാമുറിയുടെ ഉദ്ഘാടനം കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. അഷ്‌റഫ് നിർവഹിച്ചു. വിവിധ മേഖലയിൽ മികവ് തെളിയിച്ച പ്രതിഭകളെ താമരശ്ശേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എ.അരവിന്ദൻ ഉപഹാരങ്ങൾ നൽകി അനുമോദിച്ചു. പി.കെ. രാധാകൃഷ്ണൻ, കെ.കെ. പ്രദീപൻ, മജീദ് മൂത്തേടത്ത്, കെ. വേണു, മജീദ് ഭവനം, എം. സുരേഷ് ബാബു, എ.കെ. ദേവി, എ.ആർ. സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post