Trending

കല്യാണത്തലേന്ന് വരന്‍ ‘ഫിറ്റ്’; കൂട്ടയടി; വിവാഹത്തില്‍ നിന്ന് വധു പിന്മാറി



കല്യണതലേന്ന് ലഹരിയില്‍ കല്യാണ ചെക്കന്‍റെ അടിപിടി. പ്രതിശ്രുത വധു പിന്മാറി. കല്യാണം മുടങ്ങി. കോഴിക്കോട് പേരാമ്പ്രയിലാണ് സംഭവം. ഇന്ന് നടക്കേണ്ട കല്യാണം മുടങ്ങിയതോടെ എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിലായി ഇരുവീട്ടുകാരും.

എന്താണ് പ്രശ്നം !

ഇന്നലെ രാത്രിയാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം. പട്ടാളത്തില്‍ ജോലി ചെയ്തിരുന്ന പ്രതിശ്രുത വരന്‍റെ ഏതാനും സുഹൃത്തുക്കള്‍ കല്യാണതലേന്ന് തന്നെ എത്തിയിരുന്നു. വൈകുന്നേരത്തോടെ ഇവര്‍ അല്‍പം മിനുങ്ങാന്‍ തുടങ്ങി. രാത്രിയായതോടെ എല്ലാവരും നല്ല ഫിറ്റ്. ഇതിനിടക്കാണ് കാരണവരില്‍ ചിലര്‍ ഇവരോട് ചില സഹായങ്ങളൊക്കെ ആവശ്യപ്പെട്ടത്. കല്യാണ വീട്ടിലെ ജോലി ചെയ്യാന്‍ ആവശ്യപ്പെട്ടത് ചെറുപ്പക്കാര്‍ക്ക് അത്ര ഇഷ്ടപ്പെട്ടില്ല. ഇതോടെ വാക്കേറ്റമായി. അത് കയ്യാങ്കളിയിലെത്തി. ഉടന്‍ ഇവര്‍ കല്യാണചെക്കനെ വിളിച്ചുവരുത്തി. സംഭവം കേട്ട പ്രതിശ്രുത വരന്‍ സുഹൃത്തുക്കളുടെ ഭാഗത്താണ് ന്യായമെന്ന് നിലപാടെടുത്തു. ബന്ധുക്കളായ കാരണവരെ ശകാരിച്ചു. വഴക്കുപറഞ്ഞു. സംസാരം നീണ്ടതോടെ ബന്ധുക്കള്‍ ഒന്നിച്ചു. തര്‍ക്കമായി. ഇതോടെ ബന്ധുക്കളെ പ്രതിശ്രുത വരന്‍ കൈകാര്യം ചെയ്യാന്‍ തുടങ്ങി. കാരണവരായ മുതിര്‍ന്ന ആളുകളെയടക്കം മര്‍ദിച്ചതോടെ കാര്യങ്ങള്‍ കൈവിട്ടു. അപ്പോഴേയ്ക്കും രാത്രി 12.30 കഴിഞ്ഞിരുന്നു. 


ഡിജെക്കിടെ കല്യാണതല്ല്

അര്‍ധരാത്രിയില്‍ ഡിജെ പാര്‍ട്ടി നടക്കുകയായിരുന്നു വധുവിന്‍റെ വീട്ടില്‍. അതിനിടയിലാണ് വരന്‍റെ വീട്ടിലെ കല്യാണതല്ല് വധുവിന്‍റെ വീട്ടുകാര്‍ അറിയുന്നത്. കാര്യങ്ങള്‍ തിരക്കിയപ്പോള്‍ അല്‍പം സീരിയസാണെന്ന് മനസിലായി. വീട് അടുത്തായതിനാല്‍ പോയി നോക്കാന്‍ തീരുമാനിച്ചു. ചെന്നപ്പോള്‍ കാണുന്നത് പ്രതിശ്രുത വരനടക്കമുള്ള ചെറുപ്പക്കാര്‍ പ്രായമായ ആളുകളെ അടക്കം മര്‍ദിക്കുന്നതാണ്. ലഹരിയില്‍ മതിമറന്ന ഇവര്‍ എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിലായിരുന്നുവെന്ന് കണ്ട് നിന്നവര്‍ പറയുന്നു. മദ്യത്തിനേക്കാള്‍ വലിയ ലഹരി ഉപയോഗിച്ചുവെന്ന് നാട്ടുകാര്‍ സാക്ഷ്യപ്പെടുത്തുന്നു. പുലര്‍ച്ചെ 4.30വരെ സംഘര്‍ഷം നീണ്ടു. പൊലിസെത്തിയാണ് സ്ഥിതിഗതികള്‍ ഒരുവിധം പറഞ്ഞ് ശാന്തമാക്കിയത്. 


ക്ലൈമാക്സില്‍ ട്വിസ്റ്റ്, ഉറച്ച നിലപാടുമായി
 പെണ്‍കുട്ടി

.പ്രശ്നങ്ങളെല്ലാം ഒരു പരിധിവരെ പറഞ്ഞ് പരിഹരിച്ച് കല്യാണതിരക്കിലേയ്ക്ക് നീങ്ങാന്‍ ഇരുവീട്ടുകാരും നീങ്ങിയതോടെയാണ് പുലര്‍ച്ചെ 5ന് പെണ്‍കുട്ടി നിലപാട് വ്യക്തമാക്കിയത്. തനിക്ക് ഈ കല്യാണം വേണ്ട. ബന്ധുക്കളെല്ലാം ആവുംവിധം പറഞ്ഞെങ്കിലും പെണ്‍കുട്ടി അനങ്ങിയില്ല. ഉറച്ചനിലപാടുമായി നിന്നു. അപ്പോഴേയ്ക്കും രണ്ട് വിധം പായസം അടക്കമുള്ള വിഭവങ്ങള്‍ മുറ്റത്ത് തയ്യാറായിരുന്നു. ലഹരി ഉപയോഗിച്ച് ഉറ്റബന്ധുക്കളെ പോലും തിരിച്ചറിയാന്‍ കഴിയാത്ത തരത്തില്‍ മര്‍ദിക്കുന്ന ഒരുത്തനെ വിവാഹം കഴിച്ചാല്‍ ഭാവിയില്‍ തന്‍റെ ഗതിയെന്താകുമെന്ന് പെണ്‍കുട്ടി ചോദിച്ചതോടെ ബന്ധുക്കള്‍ക്ക് ഉത്തരംമുട്ടി. കല്യാണത്തില്‍ നിന്ന് പിന്മാറാമെന്ന് പെണ്‍കുട്ടിയുടെ രക്ഷിതാക്കളും സമ്മതിച്ചതോടെ കല്യാണം മുടങ്ങി


8 വര്‍ഷം നീണ്ട പ്രണയം

ഒന്നും രണ്ടുമല്ല, എട്ടു വര്‍ഷം നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹം ചെയ്യുന്നത്. അയല്‍വക്കകാരാണ് ഇരുവീട്ടുകാരും. വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ പരസ്പരം അറിയാം. 2017ലാണ് കുട്ടികള്‍ തമ്മില്‍ ഇഷ്ടത്തിലാകുന്നത്.  ആദ്യഘട്ടത്തില്‍ പെണ്‍കുട്ടിയുടെ വീട്ടുകള്‍ എതിര്‍ത്തിരുന്നു. ഒടുവില്‍ പെണ്‍കുട്ടിയുടെ നിര്‍ബന്ധത്തിന് വഴങ്ങി സമ്മതിക്കുകയായിരുന്നു. ആ വിവാഹമാണ് അവസാനനിമിഷം മുടങ്ങിപോയത്. 

​തീരാത്ത കലിപ്പ്

പെണ്‍കുട്ടി കല്യാണത്തില്‍ നിന്ന് പിന്മാറിയതോടെ പ്രതിശ്രുതവരന്‍റെ കിളിപോയി. ബഹളം വച്ചു. കല്യാണം നടത്തിയേപറ്റൂ എന്ന് വാശിപിടിച്ചു. ഒടുവില്‍  പൊലിസെത്തി കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കാന്‍ ശ്രമിച്ചു. ഇതിനിടെ ദേഷ്യം തീര്‍ക്കാന്‍ സ്വന്തം വീട്ടിലെ ജനല്‍ചില്ലുകളെല്ലാം തല്ലിതകര്‍ത്തു. ഇതോടെ ഇയാളെ മുറിക്കകത്തിട്ട് പൂട്ടി. ഇപ്പോഴും പുറത്തുവിട്ടിട്ടില്ല. സ്വതന്ത്രനാകുന്നതോടെ ഇയാള്‍ എന്തൊക്കെ ചെയ്തുകൂട്ടുമെന്ന് അറിയില്ലെന്ന് നാട്ടുകാര്‍ പറയുന്നു. 

കടപ്പാട്: മനോരമ ന്യൂസ്.

Post a Comment

Previous Post Next Post