പാലക്കാട് സഹോദരങ്ങൾ ഉൾപ്പടെ മൂന്ന് കുട്ടികൾ മുങ്ങി മരിച്ചു. കല്ലടിക്കോട് മൂന്നേക്കർ ഭാഗത്ത് ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം. തുടിക്കോട് ഉന്നതിയിൽ പ്രകാശന്റെ മക്കൾ പ്രദീപ് (5), പ്രതീഷ് (4) എന്നിവരാണ് മരിച്ചത്. തുടിക്കോട് തമ്പിയുടെ മക്കൾ രാധിക (10) ആണ് മരിച്ച മൂന്നാമത്തെ കുട്ടി.
ഇന്ന് വൈകുന്നേരം മൂന്ന് മണിയോടെ കുട്ടികളെ കാണാതായിരുന്നു. തുടർന്ന് വീട്ടുകാർ തിരച്ചിൽ നടത്തിയെങ്കിലും 5 മണിയോടെ ഉന്നതിക്കു സമീപത്തുള്ള ചിറയിലെ വെള്ളക്കെട്ടിന് സമീപം കുട്ടികളുടെ ചെരിപ്പുകൾ കണ്ടതോടെ വെള്ളത്തിൽ നടത്തിയ തിരച്ചിലിലാണ് മൂവരെയും മരിച്ച നിലയിൽ കണ്ടെത്തിയത് .
പ്രകാശൻ്റെ സഹോദരീ ഭർത്താവ് ക്യഷ്ണനാണ് കുട്ടികളെ മുങ്ങിയെടുത്തത്.
ഉടൻ തന്നെ ഇവരിൽ രാധികയെ തച്ചമ്പാറയിലെ സ്വകാര്യ ആശുപത്രിയിലും മറ്റു രണ്ടുപേരെയും പാലക്കാട് ജില്ലാതല അശുപത്രിയിലും എത്തിക്കുകയായിരുന്നു. മൂവരുടെയും ജീവൻ രക്ഷിക്കാനായില്ല. മുന്നുപേരുടെയും മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്