Trending

താമരശേരി ഷഹബാസ് വധക്കേസ്: കുറ്റാരോപിതരായ ആറ് വിദ്യാര്‍ഥികളുടെ ജാമ്യാപേക്ഷ തള്ളി




താമരശേരി ഷഹബാസ് വധക്കേസില്‍ കുറ്റാരോപിതരായ ആറ് വിദ്യാര്‍ഥികളുടെ ജാമ്യാപേക്ഷ തള്ളി. ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്. കേസില്‍ കുറ്റാരോപിതരായ ആറ് വിദ്യാര്‍ഥികള്‍ ജുവനൈല്‍ ഹോമില്‍ റിമാന്‍ഡില്‍ കഴിയുകയാണ്.

ജുവൈനല്‍ ജസ്റ്റിസ് ബോര്‍ഡ് ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് വിദ്യാര്‍ഥികള്‍ ജില്ല കോടതിയെ സമീപിച്ചത്. അവധിക്കാലം ആയതിനാല്‍ 6 വിദ്യാര്‍ഥികളെയും രക്ഷിതാക്കള്‍ക്ക് ഒപ്പം വിടണമെന്നും 34 ദിവസം ജയിലില്‍ കിടന്നത് ശിക്ഷയായി കാണണമെന്നുമായിരുന്ന പ്രതിഭാഗം ഉന്നയിച്ച പ്രധാന വാദം.

എന്നാല്‍ കുട്ടികള്‍ എന്ന ആനുകൂല്യം കസ്റ്റഡിയില്‍ ഉള്ളവര്‍ക്ക് നല്‍കരുതെന്ന് ഷഹബാസിന്റെ കുടുംബം ആവശ്യപ്പെട്ടിരുന്നു. ഇത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അക്രമത്തില്‍ നേരിട്ട് പങ്കെടുത്ത ആറ് പത്താം ക്ലാസ് വിദ്യാര്‍ഥികളാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. മകന്റെ കൊലപാതകത്തിന് പിന്നിലുള്ളവരെ കുട്ടികള്‍ എന്ന് വിളിക്കരുതെന്ന് ഷഹബാസിന്റെ പിതാവ് ഇക്ബാല്‍ പറഞ്ഞിരുന്നു.

പ്രതികള്‍ക്ക് കിട്ടേണ്ട ശിക്ഷ കിട്ടണം. പുറത്തിറങ്ങിയാല്‍ അവര്‍ സ്വാധീനം ഉപയോഗിക്കും. പ്രതികള്‍ക്ക് ക്രിമിനല്‍ പശ്ചാത്തലം ഉണ്ടെന്നും ഇക്ബാല്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഫെബ്രുവരി 28നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഗുരുതര പരിക്കേറ്റ ഷഹബാസ് പിറ്റേന്ന് പുലര്‍ച്ചയോടെയാണ് മരിച്ചത്. മരണത്തിന് ഉത്തരവാദികളായ മുഴുവന്‍ പേരെയും നിയമത്തിന് മുന്നില്‍ കൊണ്ടു വരണമെന്നാണ് ഷഹബാസിന്റെ കുടുംബത്തിന്റെ ആവശ്യം

Post a Comment

Previous Post Next Post