കുറ്റ്യാടി: തൊട്ടിൽപ്പാലം റോഡിൽ സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ച് പൂളക്കണ്ടി സ്വദേശി അടുക്കത്ത് നബീൽ (43) ദാരുണമായി മരിച്ചു. ഇന്ന് രാവിലെ തൊട്ടിൽപ്പാലത്തേക്ക് പോവുകയായിരുന്ന നബീലിൻ്റെ ബൈക്കിൽ ബസ് ഇടിക്കുകയായിരുന്നു.
റോഡിലേക്ക് ചാഞ്ഞുനിന്ന മരക്കൊമ്പ് കാരണം ബസ് വെട്ടിച്ചതാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു. അപകടത്തിന് കാരണമായ മരം മുറിച്ചുമാറ്റാൻ അധികൃതർക്ക് നിരവധി തവണ അപേക്ഷ നൽകിയിട്ടും നടപടിയുണ്ടായില്ലെന്ന് ആരോപിച്ച നാട്ടുകാർ റോഡ് ഉപരോധിച്ചു.
സ്ഥലത്തെത്തിയ പോലീസ് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി.
അതേ സമയം കൊയിലാണ്ടി വെങ്ങളം ബൈപ്പാസിൽ ലോറിയും ഓട്ടോയും കൂട്ടിയിടിച്ച് അപകടമുണ്ടായി.
മിനി ലോറി പുതിയ ദേശീയ പാതയിൽ നിന്നും സർവീസ് റോഡിലേക്ക് കയറുമ്പോൾ ഡിവൈഡർ ഇടിച്ചു ഓട്ടോയ്ക്ക് മുകളിൽ മറിയുകയായിരുന്നു.
പരിക്കേറ്റ മിനി ലോറിലെയും ഓട്ടോയിലെയും ഡ്രൈവർമാരെ ആശുപത്രിയിൽ എത്തിച്ചു.
വിവരം കിട്ടിയതിന് തുടർന്ന് കൊയിലാണ്ടിയിൽ നിന്നും എത്തിയ അഗ്നിസേനയും
പോലീസും ചേർന്ന് ക്രെയിനിന്റെ സഹായത്തോടുകൂടി അപകടത്തിൽപ്പെട്ട വാഹനങ്ങൾ വശങ്ങളിലേക്ക് മാറ്റി.
രണ്ടുമണിക്കൂറോളം കൊയിലാണ്ടി ഭാഗത്തേക്കുള്ള ഗതാഗതം തടസ്സപ്പെട്ടു.
ഇന്ന് പുലർച്ചെ 3:00 മണിയോടുകൂടിയാണ് സംഭവം
ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ മജീദ് എമ്മിന്റെ നേതൃത്വത്തിൽ FRO മാരായ രതീഷ് കെ എൻ, നിധിപ്രസാദ് ഇ എം,ലിനീഷ് എം, അമൽ വിഎസ്,നിതിൻ രാജ് ഇ കെ,ഇന്ദ്രജിത്ത് ഐ,ഹോംഗാർഡുമാരായ രാജേഷ് കെ പി, രാംദാസ്,ഷൈജു, എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.