പള്ളി തർക്കത്തിൽ മധ്യസ്ഥം വഹിച്ച സിപിഐഎം ബ്രാഞ്ച് സെക്രട്ടറിക്ക് മർദ്ദനം. കോഴിക്കോട് നരിക്കുനി ഭരണിപാറ ബ്രാഞ്ച് സെക്രട്ടറി ബി പി റിയാസിനാണ് മർദ്ദനമേറ്റത്. യൂത്ത് കോൺഗ്രസ് പ്രാദേശിക നേതാവും അഭിഭാഷകനുമായ ആസിഫ് റഹ്മാന്‍റെ നേതൃത്വത്തിലായിരുന്നു മർദ്ദനം. ചൊവാഴ്ച രാത്രിയാണ് സിപിഐഎം നരിക്കുനി ഭരണിപാറ ബ്രാഞ്ച് സെക്രട്ടറി ബി പി കെ റിയാസിന് മർദ്ദനമേറ്റത്. റിയാസ് കടയിൽ ഇരിക്കെ യൂത്ത് കോൺഗ്രസ് പ്രാദേശിക നേതാവ് ആസിഫ് റഹ്മാൻ സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് പുറത്തേക്ക് വിളിക്കുകയും സംഘം ചേർന്ന് മർദ്ദിക്കുകയും ആയിരുന്നു.
പരുക്കേറ്റ റിയാസ് കോഴിക്കോട് ഗവ ബീച്ച് ആശുപത്രിയിൽ ചികിത്സ തേടി. നരിക്കുനി പറശ്ശേരി മുക്കിലെ പള്ളി ഇമാമിനെ ആസിഫ് റഹ്മാന്‍റെ നേതൃത്വത്തിൽ ഭീഷണിപ്പെടുത്തിയത് വിശ്വാസികൾ ചോദ്യം ചെയ്തിരുന്നു. പ്രദേശത്തെ ആർട്സ് ക്ലബ് സംഘടിപ്പിച്ച സമൂഹ നോമ്പ്തുറ പള്ളിയിൽ എത്തിയവരോട് പങ്കുവെച്ചതിനായിരുന്നു ഭീഷണി. ഇമാമിനെ അംഗീകരിക്കാത്ത ഒരു വിഭാഗം പള്ളിയിൽ പ്രത്യേക പ്രാർത്ഥന നടത്തുന്നുണ്ട്. ഈ പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചതാണ് മർദ്ദനത്തിന് കാരണമായതെന്ന് റിയാസ് പറഞ്ഞു.