Trending

മൈസൂരുവിലേക്ക് ചരക്കുമായി പോയ ലോറി മൂലങ്കാവില്‍ മറിഞ്ഞു; ക്യാബിനില്‍ കുടുങ്ങിയ ഡ്രൈവറെ രക്ഷിച്ച് നാട്ടുകാർ





ബത്തേരി:കോഴിക്കോട് നിന്നും മൈസൂരുവിലേക്ക് ചരക്കുമായി പോയ ലോറി സുല്‍ത്താന്‍ബത്തേരിക്കടുത്ത് മൂലങ്കാവില്‍ ദേശീയപാത 766-ല്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്കേറ്റു. മൂലങ്കാവിലെ പെട്രോള്‍ പമ്പിന് എതിര്‍വശം വനത്തോട് ചേര്‍ന്നുള്ള ചതുപ്പിന് സമാനമായ ഭാഗത്തേക്ക് ഇറങ്ങിയ ലോറി ഇടതുസൈഡിലേക്ക് മറിയുകയായിരുന്നു.

അപകടത്തില്‍ കുന്നമംഗലം സ്വദേശി സാദിഖിന് (45) പരിക്കേറ്റു. ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഞായറാഴ്ച്ച വൈകുന്നേരം അഞ്ചരയോടെയായിരുന്നു അപകടം. മൂലങ്കാവ് ടൗണ്‍ കഴിഞ്ഞുള്ള ചെറിയ ഇറക്കത്തില്‍ വെച്ച് നിയന്ത്രണം നഷ്ടമായതിന് പിന്നാലെ വാഹനം റോഡരികിലെ ചെളിയിലേക്ക് ഇറങ്ങുകയും ചക്രങ്ങള്‍ ആഴ്ന്നുപോയി മറിയുകയുമായിരുന്നു. ഉടന്‍ ഓടിയെത്തിയ നാട്ടുകാര്‍ ലോറിയുടെ ക്യാബിനില്‍ കുടുങ്ങിക്കിടന്ന ഡ്രൈവറെ വേഗത്തില്‍ പുറത്തെടുത്തു.

കുടിവെള്ള പൈപ്പുകള്‍ സ്ഥാപിക്കാന്‍ കുഴിയെടുത്തതിനെ തുടര്‍ന്ന് ഇവിടെയുണ്ടായിരുന്ന ആല്‍മരം മറിഞ്ഞു വീണിരുന്നു. മരം കടപുഴകി വീണപ്പോള്‍ രൂപപ്പെട്ട കുഴിയിലേക്ക് ലോറി ഇറങ്ങിയതാകാം മറിയാനുണ്ടായ കാരണമെന്നാണ് കരുതുന്നത്. മാത്രമല്ല ഈ ഭാഗത്ത് റോഡിന് ഇരുവശവും വീതിയില്ലാത്തതിനാല്‍ അപകട സാധ്യയുമേറെയാണ്. അതേ സമയം ഡ്രൈവര്‍ സാദിഖിന്റെ പരിക്ക് സാരമുള്ളതല്ലെന്നാണ് പ്രാഥമിക നിഗമനം

Post a Comment

Previous Post Next Post