
താമരശേരി:കരിങ്കുരങ്ങിനെ വേട്ടയാടിയ കേസിലെ പ്രതിയെ മര്‍ദ്ദച്ചുവെന്ന പരാതിയില്‍ ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ക്ക് മൂന്നുമാസത്തെ ജയില്‍ ശിക്ഷ വിധിച്ച് താമരശേരി കോടതി. പുതുപ്പാടി മൈലള്ളാംപാറ ശാശ്ശേരി വര്‍ഗ്ഗീസിനെ മര്‍ദ്ദിച്ചുവെന്ന് കാണിച്ച് മകന്‍ നല്‍കിയ പരാതിയിലാണ് താമരശേരി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ എം .കെ രാജീവ് കുമാറിനെ മൂന്നു മാസത്തേക്ക് ശിക്ഷിച്ചത്. കരിങ്കുരങ്ങിനെ വേട്ടയാടിയ കേസില്‍ ഏതാനും പ്രതികള്‍ പിടിയിലായതിന് പിന്നാലെ കേസിലെ പ്രധാന പ്രതിയായ ശാശ്ശേരി വര്‍ഗ്ഗീസ് താമരശേരി കോടതിയില്‍ കീഴടങ്ങി. കോടതി റിമാണ്ട് ചെയ്ത പ്രതിയെ കോഴിക്കോട് ജയിലിലെത്തിക്കാനായി വനപാലകര്‍ക്ക് കൈമാറിയതിനെ തുടര്‍ന്ന് കോടതിക്ക് സമീപത്തുള്ള ഫോറസ്റ്റ് റെയെഞ്ച് ഓഫീസിലെത്തിച്ചു. അല്‍പ്പ സമയത്തിനകം വര്‍ഗ്ഗീസ് കുഴഞ്ഞുവീണതിനെ തുടര്‍ന്ന് താലൂക്കാശുപത്രിയില്‍ എത്തിച്ചു. കാര്യമായ ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലെന്നായിരുന്നു ഡോക്ടറുടെ വിശദീകരണം. എന്നാല്‍ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയോ മറ്റെന്തെങ്കിലും സംസാരിക്കുകയോ ചെയ്യുന്നുണ്ടായിരുന്നില്ല. ആവര്‍ത്തിച്ചുള്ള ചോദ്യത്തിന് വനപാലകര്‍ മര്‍ദ്ദിച്ചുവെന്ന് മാത്രമായിരുന്നു പ്രതികരണം. തുടര്‍ന്ന് വിദഗ്ദ പരിശോധനക്കായി ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജാശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പിതാവിനെ വനപാലകര്‍ മര്‍ദ്ദിച്ചുവെന്ന് കാണിച്ച് വര്‍ഗീസിന്റെ മകന്‍ സോജോ താമരശേരി കോടതിയില്‍ നല്‍കിയ സ്വകാര്യ അന്യായത്തിലാണ് ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് ഒന്ന് അല്‍ഫാ മമായ് ഉത്തരവായത്. കേസില്‍ മൂന്ന് വനപാലകര്‍ കൂടി പ്രതികളാണ്.