Trending

പ്രതികൾക്ക് ജാമ്യം, കൊടകരയില്‍ തുറന്നത് അത്ഭുതപ്പെട്ടി; കേട്ടുകേള്‍വിയില്ലാത്ത ഹൈവേ കവർച്ചയെന്ന് ഹൈക്കോടതി



കൊടകരയിലേത് കേട്ടുകേള്‍വിയില്ലാത്ത ഹൈവേ കവർച്ചയെന്ന് ഹൈക്കോടതി. കൊടകരയിൽ തുറന്നത് അത്ഭുതപ്പെട്ടിയാണെന്നും ഒരുപാട് വിവരങ്ങള്‍ പുറത്തുവന്നെന്നും കോടതി നിരീക്ഷിച്ചു. പത്ത് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചുള്ള ഉത്തരവിലാണ് കോടതി പരാമര്‍ശം .

കൊടകര കള്ളപ്പണ  ഇടപാട് കേട്ടുകേള്‍വിയില്ലാത്തതാണെന്നാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചുള്ള ഉത്തരവില്‍ വ്യക്തമാക്കിയത്. സുജീഷ്, ദീപ്‌തി, അഭിജിത്ത്, അരീഷ്, ലബീബ് , ബാബു , അബ്ദുൽ ഷാഹിദ് , ബഷീര്‍, റഷീദ്, സുല്‍ഫിക്കര്‍ അലി എന്നിവര്‍ക്കാണ് ഉപാധികളോടെ ജാമ്യം നല്‍കിയത്. ഒരു ലക്ഷം രൂപയുടെ ബോണ്ട് തൃശൂര്‍ ജില്ലയില്‍ പ്രവേശിക്കരുത് പാസ്പോര്‍ട്ട് കോടതിയില്‍ നല്‍കണം, സാക്ഷികളെ സ്വാധീനിക്കരുത് തുടങ്ങിയവയാണ് ഉപാധികള്‍. കൊടകര കേസില്‍ പ്രത്യേക കോടതിയെ കുറിച്ച് ആലോചിട്ടില്ലെന്ന് ചോദ്യത്തിന് മറുപടിയായി സര്‍ക്കാര്‍ അറിയിച്ചു. തൃശൂര്‍ സെഷന്‍സ് കോടതിയില്‍ കേസുകളുടെ ബാഹുല്യമുണ്ട്. അതുകൊണ്ട് വിചാരണ നീണ്ടുപോകുന്ന സാഹചര്യമുണ്ടന്നും അതിനാല്‍ ജാമ്യം അനുവദിക്കുന്നതെന്നും കോടതി വ്യക്തമാക്കി. കേസിലെ പ്രതികളും സാക്ഷികളും തമ്മില്‍ പരസ്പരം ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുവെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. കവര്‍ച്ച ചെയ്ത പണം മുഴുവനായി കണ്ടെടുത്തിട്ടില്ലെന്നും പ്രതികള്‍ക്ക് ജാമ്യം അനുവദിക്കരുതെന്നുമായിരുന്നു സര്‍ക്കാര്‍ നിലപാട്. 

കേസിന്‍റെ വിചാരണ വേഗത്തില്‍ നടത്താനുള്ള നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും സ്പെഷല്‍ പ്രോസിക്യൂട്ടറെ നിയമിച്ചതായും സര്‍ക്കാര്‍ അറിയിച്ചിരുന്നു. എന്നാല്‍ ഇനിയും പ്രതികളെ കസ്റ്റഡിയില്‍ വെയ്ക്കേണ്ട സാഹചര്യം നിലവിലില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യം നല്‍കിയത്.
T News

working in the field of advertising and printing

Post a Comment

Previous Post Next Post