Trending

പൊലീസിന് അസഭ്യം; 'പൊളി സാനം' റിച്ചാര്‍ഡ് റിച്ചു അറസ്റ്റില്‍




ഇ ബുള്‍ ജെറ്റ് സഹോദരങ്ങളെ അറസ്റ്റ് ചെയ്തതിന് പൊലീസിനെ സമൂഹ മാധ്യമത്തിലൂടെ അസഭ്യം പറഞ്ഞയാള്‍ അറസ്റ്റില്‍. കൊല്ലം രാമന്‍ കുളങ്ങര സ്വദേശി റിച്ചാര്‍ഡ് റിച്ചു (28) ആണ് അറസ്റ്റിലായത്. 'പൊളി സാനം' എന്ന അപരനാമത്തില്‍ സോഷ്യല്‍ മീഡിയയില്‍ അറിയപ്പെടുന്നയാളാണ് റിച്ചാര്‍ഡ് റിച്ചു.

രൂക്ഷമായ അസഭ്യങ്ങള്‍ നിറഞ്ഞ പ്രയോഗങ്ങളാണ് ഇയാള്‍ പൊലീസിന് നേരെയും മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ നേരെയും ഇയാള്‍ നടത്തിയത്. ഇ ബുള്‍ ജെറ്റുകാരെ പിന്തുണച്ച് കൊണ്ടായിരുന്നു തെറിവിളികള്‍. പൊലീസിന് നേരെ അക്രമണം നടത്താനും ഇയാള്‍ വീഡിയോയിലൂടെ ആഹ്വാനം ചെയ്യുന്നുണ്ട്.

ഇ ബുള്‍ ജെറ്റ് ബ്രദേഴ്‌സ് എന്ന പേരിലറിയപ്പെടുന്ന വ്‌ളോഗര്‍മാരായ ലിബിനും എബിനും കര്‍ശന ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. 25,000 രുപയുടെ രണ്ട് ആള്‍ജാമ്യത്തിനൊപ്പം എല്ലാ ബുധനാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്നില്‍ ഹാജരാകാണമെന്നും ഓരോരുത്തരും 3500 രൂപ കോടതിയില്‍ കെട്ടിവെക്കണമെന്നും കോടതി നിര്‍ദേശിച്ചു. ഇവര്‍ക്ക് ജാമ്യം നല്‍കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ നിലപാട് സ്വീകരിച്ചിരുന്നു. ആര്‍ടി ഓഫീസില്‍ സംഘര്‍ഷം സൃഷ്ടിച്ചതിനും പൊതുമുതല്‍ നശിപ്പിച്ചതിനും ഇരുവരേയും ഇന്നലെ 14 ദിവസത്തേക്ക് കോടതി റിമാന്റ് ചെയ്തിരുന്നു.
കണ്ണൂര്‍ ആര്‍ടി ഓഫീസിലെ സംഘര്‍ഷത്തില്‍ നാശനഷ്ടങ്ങളുടെ പിഴ ഒടുക്കാമെന്ന് ജെറ്റ് സഹോദരങ്ങള്‍ ഇന്ന് കോടതിയെ അറിയിച്ചിരുന്നു. ആര്‍ടി ഓഫീസില്‍ ഉണ്ടായ നാശനഷ്ടങ്ങളുടെ പിഴ എത്രയായാലും അത് ഒടുക്കാമെന്ന ഇവരുടെ അഭിഭാഷകനാണ് കണ്ണൂര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയെ അറിയിച്ചത്. കേസില്‍ വാദം കേള്‍ക്കവെയാണ് അഭിഭാഷകന്‍ ഇക്കാര്യം അറിയിച്ചത്. ആര്‍ടി ഓഫീസില്‍ ഉണ്ടാക്കിയ നാശനഷ്ടങ്ങളുടെ കണക്ക് ബോധ്യപ്പെടുത്താനും കോടതി നിര്‍ദേശം നല്‍കിയിരുന്നു.

അതേസമയം, ബിഹാറില്‍ ഇരുവരും നടത്തിയ നിയമ ലംഘനത്തില്‍ പ്രാഥമിക പരിശോധന തുടങ്ങിയെന്ന് പൊലീസ് അറിയിച്ചു. ഇ ബുള്‍ജെറ്റ് യുട്യൂബ് ചാനലിലെ മുഴുവന്‍ വീഡിയോകളും പരിശോധിക്കുമെന്നും ഇതിനായി പ്രത്യേക സംഘത്തെ നിയോഗിക്കുമെന്നും കണ്ണൂര്‍ സിറ്റി പോലീസ് കമ്മിഷണര്‍ ആര്‍. ഇളങ്കോ അറിയിച്ചു. നിയമലംഘനങ്ങള്‍ കണ്ടെത്തുന്ന വിഡിയോകള്‍ മരവിപ്പിക്കാന്‍ യൂട്യൂബിനോട് ആവശ്യപ്പെടും. അപ്‌ലോഡ് ചെയ്ത വീഡിയോകള്‍ മുഴുവന്‍ പരിശോധിക്കേണ്ടതിനാല്‍ അവ ഡിലീറ്റ് ചെയ്യാതിരിക്കാന്‍ യൂട്യൂബിന് ഫ്രീസിംഗ് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. മോശം കമന്റിടുന്ന കുട്ടികള്‍ക്കെതിരെ ജുവനൈല്‍ ആക്ട് പ്രകാരം കേസെടുക്കുമെന്നും ഇളങ്കോ വ്യക്തമാക്കി. അഭിപ്രായം പ്രകടിപ്പിക്കാന്‍ എല്ലാ പൗരന്മാര്‍ക്കും അവകാശമുണ്ട്. തെറ്റായ നടപടികള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ മേലധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തുകയോ കോടതിയെ സമീപിക്കുകയോ ചെയ്യാം. അതിനു പകരം നിയമലംഘനം പ്രോത്സാഹിപ്പിക്കുന്ന തരത്തിലും നിയമപാലകരെ അധിക്ഷേപിക്കുന്ന തരത്തിലും സമൂഹമാധ്യമങ്ങളില്‍ ഇടപെടുന്നതു ശരിയല്ല. ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും അദ്ദേഹം പറഞ്ഞു. പൊതുമുതല്‍ നശിപ്പിക്കല്‍, ഔദ്യോഗിക കൃത്യനിര്‍വഹണത്തിന് തടസ്സം നില്‍ക്കല്‍, കൊവിഡ് മാനദണ്ഡ ലംഘനം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്.

ഇതിനിടെ, ഇ ബുള്‍ ജെറ്റ് സഹോദരന്‍മാരുടെ നിയമലംഘനത്തില്‍ കര്‍ശനനടപടികളുമായി മോട്ടോര്‍ വാഹന വകുപ്പും രംഗത്തെത്തി. ലിബിന്റെയും എബിന്റെയും വാഹനത്തിന്റെ രജിസ്‌ട്രേഷനും വാഹനം ഓടിച്ച വ്യക്തിയുടെ ലൈസന്‍സ് റദ്ദ് ചെയ്യാനും തീരുമാനിച്ചിട്ടുണ്ടെന്ന് ട്രാന്‍സ്‌പോര്‍ട് കമ്മീഷണര്‍ എഡിജിപി എംആര്‍ അജിത് കുമാര്‍ അറിയിച്ചു.

T News

working in the field of advertising and printing

Post a Comment

Previous Post Next Post