തുടര്‍ച്ചയായ മൂന്നാം പ്രസവത്തിലും 7 കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയിരിക്കുകയാണ് അമ്മിണികുട്ടി. കോട്ടയം കുഴിമറ്റം സ്വദേശി പ്ലാന്തോട്ടത്തില്‍ സലിയുടെ ആട് ഫാമിലെ അമ്മിണിക്കുട്ടിയാണ് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി വീണ്ടും താരമായിരിക്കുന്നത്.
രണ്ടും മൂന്നും പ്രസവങ്ങളില്‍ ഏഴു വീതം കുഞ്ഞുങ്ങള്‍ക്കാണ് അമ്മിണിക്കുട്ടി ജന്മം നല്‍കിയത്. രണ്ടാം പ്രസവത്തില്‍ 7 കുഞ്ഞുങ്ങള്‍ ഉണ്ടായെങ്കിലും ഇതില്‍ ഒന്നിന് അല്‍പായുസ്സായിരുന്നു. എന്നാല്‍ ഇത്തവണ ഉണ്ടായ 7 കുഞ്ഞുങ്ങളും സുഖമായിരിക്കുമ്പോള്‍ സലിക്കും ഭാര്യ ബീനയ്ക്കും സന്തോഷം കുറച്ചൊന്നുമല്ല.
5 ആണ്‍കുഞ്ഞുങ്ങളും 2 പെണ്‍കുഞ്ഞുങ്ങളുമാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. ജമ്ന പ്യാരി ഇനത്തില്‍പ്പെട്ട അമ്മിണിക്കുട്ടിയെയും ആദ്യ പ്രസവത്തിലെ 3 കുഞ്ഞുങ്ങളെയും രണ്ട് വര്‍ഷം മുമ്പ് 20000 രൂപ കൊടുത്താണ് സലി വാങ്ങിയത്.
ഈ ഇനത്തില്‍പ്പെട്ട ആടുകള്‍ക്ക് ഒരു പ്രസവത്തില്‍ പരമാവധി നാലു കുഞ്ഞുങ്ങള്‍ വരെയാണ് ഉണ്ടാവാറുള്ളത്. മൂന്നു പ്രസവങ്ങളിലായി 17 കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയ അമ്മിണി കുട്ടി ഫാമിലെ മാത്രമല്ല നാട്ടിലെ തന്നെ താരമാണിപ്പോള്‍.
7 കുഞ്ഞുങ്ങള്‍ക്ക് നല്‍കാനുള്ള പാല്‍ അമ്മിണിക്കുട്ടിക്ക് ഇല്ലാത്തതിനാല്‍ മറ്റൊരു ആടിന്റെ പാല്‍ കറന്ന് കുപ്പിയിലാക്കി ഈ കുഞ്ഞുങ്ങള്‍ക്ക് നല്‍കുകയാണിപ്പോള്‍. അമ്മിണി കുട്ടിയും കുഞ്ഞുങ്ങളും അടക്കം 22 ആടുകളാണ് സലിയുടെ ഫാമില്‍ ഇപ്പോള്‍ ഉള്ളത്. അഞ്ച് പശുക്കളും 20 ഓളം കോഴികളും ഉള്‍പ്പെട്ടതാണ് സലിയുടെ ഫാം.
Tags:
Latest News
