ഡോഗ് സ്ക്വാഡിന്റെ നേതൃത്വത്തിലുള്ള തെരച്ചിലും വിഫലം.
കോടഞ്ചേരി : ഇന്നലെ വൈകിട്ട് ഏകദേശം നാല് മണി മുതൽ കാണാതായ വീട്ടമ്മയെ ഒരു ദിവസം പിന്നിട്ടിട്ടും കണ്ടെത്താനായില്ല.തേവർമല വേങ്ങത്താനത്ത് ഏലിയാമ്മയെയാണ് (78) വീട്ടിൽ നിന്ന് കാണാതായത്. കാണാതായ ഉടൻ തന്നെ പ്രദേശവാസികളുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചിരുന്നു. തുടർന്ന് ഇന്ന് രാവിലെ കോടഞ്ചേരി പോലീസിന്റെ നേതൃത്വത്തിൽ ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി അന്വേഷണം നടത്തിയെങ്കിലും ഒരു വിവരവും ലഭിച്ചില്ല.
വീട്ടമ്മയെ കാണാതാകുന്നത് തേവർമല പ്രദേശത്ത് നിന്നാണ്.ഇവരുടെ വീട് പ്രദേശത്തെ ഒരു മലയുടെ മുകൾ ഭാഗത്തായാണ്.പോലീസ് നായ വീട്ടിൽ നിന്ന് സമീപത്തെ തോട്ടങ്ങളിലൂടെ താഴേക്ക് സഞ്ചരിച്ച് കോടഞ്ചേരി തെയ്യപ്പാറ റോഡിലെ സിക്ക് വളവ് വരെ എത്തി നിന്നു.തുടർന്ന് യാതൊരു വിവരവും ലഭിക്കാത്തതിനെ തുടർന്ന് ഡോഗ് സ്ക്വാഡ് തിരിച്ചുപോയി.
നാട്ടുകാരും ബന്ധുക്കളും ചേർന്ന് ഇപ്പോഴും പ്രദേശത്താകമാനം അന്വേഷണം നടത്തികൊണ്ടിരിക്കുകയാണ്.
