താമരശ്ശേരി: ദേശീയ പാത 766 ൽ താമരശ്ശേരിക്ക് സമീപം പുല്ലാഞ്ഞിമേട്ടിൽ കലുങ്ക് പണി ഇഴഞ്ഞുതന്നെ, രണ്ടു പണിക്കാരെ മാത്രം വെച്ചാണ് പണി നടത്തുന്നത്.
കലുങ്കിൻ്റെ പണി ആരംഭിച്ച് മാസങ്ങൾ പിന്നിട്ടിട്ടും ജോലി എങ്ങുമെത്തിയിട്ടില്ല, ദിവസേന പതിനായിരക്കണക്കിന് വാഹനങ്ങൾ കടന്നു പോകുന്ന ദേശീയ പാതയിലാണ് ഒച്ചിൻ്റെ വേഗത്തിൽ പണി നടക്കുന്നത്.
കരാറുകാർക്കെതിരെ വ്യാപക പരാതി ഉയർന്നതിനെ തുടർന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് നേരിട്ടെത്തി കരാറുകാർക്ക് താക്കീത് നൽകിയിരുന്നു. പണി ഉടൻ പൂർത്തിയാക്കാമെന്ന് അന്ന് കരാറുകാർ ഉറപ്പ് നൽകിയെങ്കിലും കാര്യങ്ങൾ പഴയപടി തന്നെയാണ് നീങ്ങുന്നത്.
ഗതാഗത കുരുക്ക് കൊണ്ട് ജനങ്ങൾ പൊറുതിമുട്ടിയ അവസരത്തിലാണ് കൊടുവള്ളി എം എൽ എ എം കെ മുനീർ നേരിട്ട് പണി നടക്കുന്ന സ്ഥലത്ത് എത്തിയത്.
ജനങ്ങൾ ദുരിതമനുഭവിക്കുംമ്പോൾ കേവലം കാഴ്ചക്കാരനായി ഇരിക്കാൻ സാധിക്കില്ലെന്നും, അടിയന്തിരമായി കലുങ്ക് പണി പൂർത്തീകരിക്കണമെന്നും കരാറുകാരോടും, ഉദ്യോഗസ്ഥരോടും എം എൽ എ ആവശ്യപ്പെട്ടു.
ഇതിനിടെ റോഡിൽ പതിക്കാനായി ഇറക്കിയ കട്ടകൾ ഗുണനിലവാരമില്ലാത്തതാണെന്ന പരാതിയിൽ ഉദ്യാഗസ്ഥർ പ്രതികരിച്ചു, ഗുണമേന്മ പരിശോധന നടത്തിയതിന് ശേഷം മാത്രമേ ഇറക്കിയ കട്ടകൾ ഉപയോഗിക്കണമോയെന്ന് അന്തിമ തീരുമാനം എടുക്കുകയുള്ളൂവെന്നായിരുന്നു പ്രതികരണം.
Tags:
Latest News
