Trending

ജയിലില്‍ പുതിയ കിടക്ക വേണമെന്ന് കൂടത്തായി ജോളി ! ആവശ്യങ്ങള്‍ കേട്ട് കണ്ണുതള്ളിയ കോടതി പറഞ്ഞ മറുപടിയിങ്ങനെ…


ചത്തു കിടന്നാലും ചമഞ്ഞു കിടക്കണമെന്ന് ഒരു ചൊല്ലുണ്ട്, കൂടത്തായി കേസിലെ പ്രതികള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ കേട്ട് കോടതിയുടെ വരെ കണ്ണു തള്ളിയിരിക്കുകയാണ്.

ജയിലില്‍ കിടക്ക വേണമെന്നു ഒന്നാം പ്രതി ജോളി ആവശ്യപ്പെട്ടപ്പോള്‍, ടവര്‍ ലൊക്കേഷന്‍ നോക്കി ഫോണ്‍ കണ്ടെത്തി കൊടുക്കണമെന്നായിരുന്നു രണ്ടാം പ്രതി എം.എസ്.മാത്യുവിന്റെ ആവശ്യം.

ജയില്‍ സൂപ്രണ്ടാണ് തീരുമാനമെടുക്കേണ്ടതെന്നു ജോളിയോടും സൈബര്‍ സെല്ലിനെ സമീപിക്കാവുന്നതാണെന്നു മാത്യുവിനോടും ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പറഞ്ഞു.

വിചാരണത്തടവുകാരായി ജില്ലാ ജയിലില്‍ കഴിയുകയാണ് ഒന്നും രണ്ടും പ്രതികള്‍. കിടക്ക വേണമെന്ന ജോളിയുടെ ആവശ്യത്തിനു മറുപടിയായി ഡോക്ടര്‍ നിര്‍ദേശിച്ചതും ചട്ടപ്രകാരവുമുള്ള സൗകര്യങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും ഒരാള്‍ക്കു മാത്രമായി പ്രത്യേകമായൊന്നും നല്‍കാനാകില്ലെന്നും ജയില്‍ സൂപ്രണ്ട് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി.

ജയില്‍ സൂപ്രണ്ടിന്റെ തീരുമാനമാണ് പ്രധാനമെന്നും കോടതിയും വ്യക്തമാക്കിയതോടെ പുതിയ കിടക്ക കണ്ട് പനിക്കാന്‍ തല്‍ക്കാലം ജോളിയ്ക്കാവില്ല.

പൊലീസ് ഫോണ്‍ കസ്റ്റഡിയിലെടുത്തെന്നും ഇതു തിരികെ വേണമെന്നുമായിരുന്നു എം.എസ്.മാത്യുവിന്റെ ആവശ്യം. എന്നാല്‍ ഫോണ്‍ അന്വേഷണ സംഘം കസ്റ്റഡിയില്‍ എടുത്തിട്ടില്ലെന്നു സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ ബോധിപ്പിച്ചു.

എങ്കില്‍ ടവര്‍ ലൊക്കേഷന്‍ നോക്കി ഫോണ്‍ കണ്ടെത്തണമെന്ന ആവശ്യത്തിനാണ് ജയില്‍ സൂപ്രണ്ട് മുഖേന സൈബര്‍ സെല്ലിനെ സമീപിക്കാവുന്നതാണെന്നു കോടതി മറുപടി നല്‍കിയത്.

അതേസമയം ജോളി ജയിലില്‍ ആത്മഹത്യയ്ക്കു ശ്രമിച്ച കേസിന്റെ വിചാരണ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് മൂന്നാം കോടതി 22 ലേക്കു മാറ്റി. അന്നു കോടതി ജോളിയെ കുറ്റപത്രം വായിച്ചു കേള്‍പ്പിക്കും.
T News

working in the field of advertising and printing

Post a Comment

Previous Post Next Post