Trending

സ്വര്‍ണത്തിന് പകരം പണയംവെച്ചത് നട്ടും ബോള്‍ട്ടും അടക്കമുള്ള ഇരുമ്പുസാധനങ്ങള്‍; തട്ടിയത് 18 ലക്ഷം


വിഴിഞ്ഞം: സ്വർണത്തിനു പകരം ഇരുമ്പിലുള്ള വസ്തുക്കൾ പണയംവെച്ച് 18 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ സ്വകാര്യ സ്വർണപ്പണയ സ്ഥാപനത്തിലെ മുൻ മാനേജർക്കെതിരേ വിഴിഞ്ഞം പോലീസ് കേസെടുത്തു. നെല്ലിവിള സ്വദേശി പുഷ്പകുമാറിനെ(58)തിരേയാണ് സ്വർണപ്പണയ സ്ഥാപനയുടമയുടെ പരാതിയെ തുടർന്ന് കേസെടുത്തത്. ഇയാളെ അറസ്റ്റുചെയ്തിട്ടില്ല. കഴിഞ്ഞ രണ്ടുവർഷമായി ഇയാൾ ഇത്തരം തട്ടിപ്പു നടത്തിവരുകയാണെന്നാണ് പോലീസിനു ലഭിച്ച പരാതിയിലുള്ളത്. നട്ട്, ബോൾട്ട് എന്നിവയടക്കമുള്ള ഇരുമ്പുസാധനങ്ങൾ സ്വർണത്തിനുപകരമായി പണയംവെച്ച് 11 ലക്ഷം രൂപയോളം തട്ടിയെടുത്തുവെന്നാണ് കേസ്.

മാനേജരായതിനാൽ ഇയാൾ തന്നെയായിരുന്നു പണയനടപടികൾ പൂർത്തിയാക്കിയത്. സ്ഥാപനത്തിന്റെ പ്രത്യേക അന്വേഷണസംഘം പണയ ഉരുപ്പടികൾ പരിശോധിച്ചപ്പോഴാണ് കൂട്ടത്തിൽ നട്ടും ബോൾട്ടുമടക്കമുള്ള വസ്തുക്കൾ കണ്ടെത്തിയത്. തുടർന്ന് പുഷ്പകുമാറിനെ വിളിച്ചുവരുത്തി. എടുത്ത പണം തിരികെ തരാമെന്നും നടപടികൾ സ്വീകരിക്കരുതെന്നും ഇയാൾ അറിയിച്ചു. ഇതുപ്രകാരം 11 ലക്ഷം രൂപയും പലിശയുമടക്കം തിരികെ അടച്ചു. തുടർന്ന് പുഷ്പകുമാറിനെ ജോലിയിൽനിന്ന് പിരിച്ചുവിട്ടു. സ്ഥാപനത്തിനെ കളങ്കപ്പെടുത്തിയെന്നും വഞ്ചിച്ച് പണം തട്ടിയെടുത്തുവെന്നും കാട്ടി സ്ഥാപനയുടമ നൽകിയ പരാതിയെ തുടർന്നാണ് വിഴിഞ്ഞം പോലീസ് കേസെടുത്തത്. മാനേജരെ സഹായിച്ചുവെന്ന് കരുതുന്ന രണ്ട് ജീവനക്കാർക്കെതിരേയും പോലീസ് കേസെടുത്തിട്ടുണ്ട്.
T News

working in the field of advertising and printing

Post a Comment

Previous Post Next Post