പീരുമേട്: ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ ചമഞ്ഞ് വനിതാഡോക്ടറെ തട്ടികൊണ്ടുപോയ കേസിൽ രണ്ടുപേർ അറസ്റ്റിൽ. കോട്ടയം പനച്ചിക്കാട് മറ്റത്തിൽ വീട്ടിൽ മനു യശോധരൻ (39), കരിന്തരുവി ചപ്പാത്ത് ഹെവൻവാലി തോട്ടത്തിൽ കിണറ്റുമൂട്ടിൽ സാം കോര (33) എന്നിവരെയാണ് പിടികൂടിയത്.
പോലീസ് പറയുന്നത് ഇങ്ങനെ: തമിഴ്നാട് കമ്പത്ത് സർക്കാർ ആശുപത്രിയിലും ഏലപ്പാറയിൽ സ്വകാര്യ ക്ലിനിക്കിലും ജോലി ചെയ്യുന്ന കനിമലർ എന്ന വനിതാ ഡോക്ടറെ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ ചമഞ്ഞ് ഇവർ തട്ടികൊണ്ടുപോയി 50000 രൂപ കവർന്നു. വാടകയ്ക്കെടുത്ത വാഹനത്തിൽ തിങ്കളാഴ്ച ഏലപ്പാറയിലെ ക്ലിനിക്കിൽ എത്തിയ ഇരുവരും ഒരു ജീവനക്കാരനെ വാഹനത്തിൽ കയറ്റി കമ്പത്തെ സർക്കാർ ആശുപത്രിയിലെത്തി.
തിരുവനന്തപുരത്തുനിന്നുള്ള ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരാണെന്ന് ഇവർ പറഞ്ഞു. ഡോക്ടറുടെ പേരിൽ കേസുണ്ടെന്നും ഒപ്പം വരണമെന്നും ആവശ്യപ്പെട്ടു. ജീവനക്കാരനും ഡോക്ടറും ഇവർക്കൊപ്പം വാഹനത്തിൽ കയറി. കമ്പത്തുനിന്നും കുമളിയിൽ എത്തുന്നതിനിടെ ഡോക്ടറിൽനിന്നും 50000 രൂപ ഇരുവരും കൈക്കലാക്കി. ഇരുവരും കുമളിയിൽ ഇറങ്ങി. കബളിപ്പിക്കപ്പെട്ടത് മനസിലാക്കിയ ഡോക്ടർ പീരുമേട് ഡി.വൈ.എസ്.പി. സനിൽകുമാറിന് പരാതി നൽകി. തുടർന്നായിരുന്നു അറസ്റ്റ്. ഇവർ തട്ടിപ്പിന് ഉപയോഗിച്ച വാഹനത്തിൽനിന്ന് യൂണിഫോം, ബെൽറ്റ്, തൊപ്പി എന്നിവയും ബോർഡുകളും കണ്ടെടുത്തു.
ഒന്നാം പ്രതി മനുവിന് കോവിഡ് പോസിറ്റീവാണ്. എസ്.ഐ.അഫ്സർ, എ.എസ്.ഐ നസീമ, സി.പി.ഒ സിയാദ്, അങ്കു കൃഷ്ണൻ എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.
Tags:
Latest News
