യു.എ.ഇ കോണ്‍സുലേറ്റ് വഴി മതഗ്രന്ഥവും ഈന്തപ്പഴവും വിതരണം ചെയ്ത കേസില്‍ മുന്‍ യു.എ.ഇ കോൺസൽ ജനറലിനും അറ്റാഷെയ്ക്കും കാരണംകാണിക്കൽ നോട്ടീസ് നൽകാം. കേന്ദ്ര വിദേശകാര്യ മന്ത്രാലയമാണ് കസ്റ്റംസിന് അനുമതി നല്‍കിയത്. വിവാദത്തിന് പിന്നാലെ ഇരുവരും നാട്ടിലേക്ക് മടങ്ങിയിരുന്നു.
തിരുവനന്തപുരത്തെ യു.എ.ഇ കോൺസുലേറ്റ് വഴി ഖുറാനും ഈന്തപ്പഴവും വിതരണം ചെയ്തതിന്‍റെ മറവിൽ കേരളത്തിലേക്ക് സ്വര്‍ണം കടത്തിയിട്ടുണ്ടെന്നായിരുന്നു കേന്ദ്ര ഏജൻസികളുടെ സംശയം. ഇതിന്‍റെ അടിസ്ഥാനത്തില്‍ മതഗ്രന്ഥങ്ങള്‍ ഏറ്റെടുത്ത് വിതരണം ചെയ്ത മുന്‍ മന്ത്രി കെ ടി ജലീലിനെ കസ്റ്റംസും ഇ.ഡിയും എൻ.ഐ.എയും മണിക്കൂറുകളോളം ചോദ്യംചെയ്തിരുന്നു. കോൺസുലേറ്റ് വഴി എത്തിച്ച സാമഗ്രികള്‍ പുറത്ത് വിതരണം ചെയ്തതിന്‍റെ ഉത്തരവാദിത്തം ആര്‍ക്കാണെന്ന കാര്യത്തിലും അന്വേഷണ സംഘത്തിന് സംശയങ്ങള്‍ നിലനിന്നിരുന്നു.
ഇറക്കുമതി ചെയ്ത മതഗ്രന്ഥവും ഈന്തപ്പഴവും പുറത്തു വിതരണം ചെയ്തതിന്‍റെ ഉത്തരവാദിത്വം യു.എ.ഇ കോൺസുലേറ്റിനു തന്നെയാണെന്നായിരുന്നു കസ്റ്റംസിനു ലഭിച്ച നിയമോപദേശം. ഇതിന്‍റെ അടിസ്ഥാനത്തിലാണ് അറ്റാഷേ അടക്കമുള്ളവര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസയക്കാന്‍ കസ്റ്റംസ് തീരുമാനിച്ചത്. കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുന്നോടിയായുള്ള നടപടി ക്രമങ്ങളുടെ ഭാഗമായാണ് കാരണംകാണിക്കല്‍ നോട്ടീസ് അയക്കുന്നത്. നയതന്ത്ര പ്രതിനിധികളായതിനാല്‍ വിദേശകാര്യ മന്ത്രാലയത്തിന്‍റ അനുമതിയോടെയേ ഇവര്‍ക്ക് നോട്ടീസ് നല്‍കാനാവൂ. തുടര്‍ന്നാണ് കസ്റ്റംസ് വിദേശകാര്യ മന്ത്രാലയത്തിന് അപേക്ഷ നല്‍കിയത്. അനുമതി ലഭിച്ചതിനാല്‍ ഉടന്‍ കസ്റ്റംസ് അറ്റാഷേക്കും കോണ്‍സുല്‍ ജനറലിനും നോട്ടീസ് നല്‍കിയേക്കും.
