Trending

ദിലീപിന്റെ ഹര്‍ജി ബുധനാഴ്ചത്തേക്ക് മാറ്റി; അതുവരെ അറസ്റ്റിനും വിലക്ക്


കൊച്ചി: നടൻ ദിലിപ് അടക്കം ഉൾപ്പെട്ടിട്ടുള്ള നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനക്കേസ് പരിഗണിക്കുന്നത് ഹൈക്കോടതി അടുത്ത ബുധനാഴ്ചയിലേക്ക് മാറ്റി. അതുവരെ ദിലീപിനെയും മറ്റു പ്രതികളേയും അറസ്റ്റ് ചെയ്യുന്നതിന് വിലക്കുണ്ടാകും. പ്രതികളെ മൂന്ന് ദിവസം ചോദ്യം ചെയ്യാൻ അനുവദിച്ച ശേഷം കേസ് ഇന്ന് കോടതി പരിഗണിക്കാനിരുന്നതായിരുന്നു. എന്നാൽ പ്രോസിക്യൂഷന്റെ ആവശ്യത്തെ തുടർന്നാണ് കോടതി മുൻകൂർ ജാമ്യഹർജി പരിഗണിക്കുന്നത് മാറ്റിവെച്ചത്. ചില തെളിവുകൾ പരിശോധിക്കേണ്ടതുണ്ടെന്നതടക്കം പ്രോസിക്യൂഷൻ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ബുധനാഴ്ചത്തേക്ക് മാറ്റിയത്. ജസ്റ്റിസ് ഗോപിനാഥിന്റെ അധ്യക്ഷതയിലുള്ള സിംഗിൾ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

അന്വേഷണ പുരോഗതി റിപ്പോർട്ട് മുദ്രവെച്ച കവറിൽ കൈമാറാമെന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചിട്ടുണ്ട്. ചൊവ്വാഴ്ച വരെയായിരുന്നു ദിലീപിന് അന്വേഷണ സംഘം ചോദ്യം ചെയ്തത്. വ്യാഴാഴ്ച വരെ അറസ്റ്റിനും വിലക്കുണ്ടായിരുന്നു. അവസാനദിനമായ ചൊവ്വാഴ്ച വീഡിയോ തെളിവുകളടക്കം ഉപയോഗിച്ചുള്ള ചോദ്യംചെയ്യലാണു നടന്നത്. രണ്ടുദിവസങ്ങളിലായി ചോദ്യംചെയ്തതിലൂടെ ലഭിച്ച മൊഴിയിലെ പൊരുത്തക്കേടുകൾ ചേർത്തുള്ള ചോദ്യങ്ങളും ചോദിച്ചു. മൂന്നാംദിനവും കുറ്റംചെയ്തിട്ടില്ലെന്ന ഉറച്ച നിലപാടിലായിരുന്നു ദിലീപ്.

ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലെ കാര്യങ്ങളിൽ ദിലീപ് ഉറച്ചുനിന്നു. പല തെളിവുകളും ദിലീപിനുമുന്നിൽ അന്വേഷണസംഘം നിരത്തിയെങ്കിലും ഇതെല്ലാം സംവിധായകൻ ബാലചന്ദ്രകുമാർ കെട്ടിച്ചമച്ചതാണെന്നാണ് ദിലീപ് പറഞ്ഞത്.
ചൊവ്വാഴ്ച ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ വ്യാസൻ എടവനക്കാടിനെ അന്വേഷണസംഘം വിളിച്ചുവരുത്തി. ശബ്ദരേഖയിലെ ശബ്ദം ദിലീപിന്റേതാണെന്ന് വ്യാസൻ തിരിച്ചറിഞ്ഞു. കേസിനെക്കുറിച്ച് ഒന്നുമറിയില്ലെന്ന് വ്യാസൻ മാധ്യമങ്ങളോടു പറഞ്ഞു.

അവസാനദിനത്തിലെ ചോദ്യംചെയ്യലിന് നേതൃത്വം നൽകാൻ ക്രൈംബ്രാഞ്ച് മേധാവി എസ്. ശ്രീജിത്തും എത്തി. ഇതുവരെ ചോദ്യംചെയ്തതിൽനിന്ന് ലഭിച്ച വിവരങ്ങൾ ശ്രീജിത്തിന്റെ നേതൃത്വത്തിൽ വിശകലനംചെയ്തു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post