തനിക്ക് മരണമില്ലെന്ന, ഗുരുവിന്റെ അവകാശവാദം ശരിയാണോ എന്നറിയാൻ ശിഷ്യൻ നടത്തിയ ശ്രമത്തിനൊടുവില്‍ ഗുരു കൊല്ലപ്പെട്ടു. ഗുജറാത്ത് ഭാവ്‌നഗറിലെ ചോസല എന്ന ഗ്രാമത്തിലായിരുന്നു സംഭവം. അവിടത്തെ ഹനുമാന്‍ ക്ഷേത്രത്തിലെ പ്രധാന പൂജാരിയായ മഹന്ത് രാംദാസ്ജി ഗുരു മോഹന്‍ദാസ്ജി കാത്തിയയ്ക്കാണ് ഈ ദാരുണാന്ത്യം സംഭവിച്ചത്.
''ഞാന്‍ എല്ലാ ആചാരങ്ങളും തപസ്സും അനുഷ്ഠിച്ചു കഴിഞ്ഞു. ഇനി ഞാന്‍ മരണമില്ലാത്തവനാണ്. ശരിയാണോ എന്നറിയാൻ എന്നെ ആക്രമിച്ചു നോക്കിക്കോളൂ, എനിക്ക് ഒന്നും സംഭവിക്കില്ല'', പൂജാരി തന്റെ ശിഷ്യന്മാരോട് പറഞ്ഞു. ഗുരുവിന്റെ വാക്ക് കേട്ട് ശിഷ്യന്മാരിൽ ഒരാൾ അദ്ദേഹത്തെ ആയുധം കൊണ്ട് ആക്രമിച്ചു. ആക്രമണത്തിൽ സാരമായി പരിക്കേറ്റ മഹന്ത് രക്തത്തില്‍ കുളിച്ച് അവിടെ വീണു. ഗുരു മരിച്ചെന്ന് ബോധ്യപ്പെട്ടപ്പോൾ ശിഷ്യൻ അദ്ദേഹത്തിന്റെ മൃതദേഹം കിണ്ണറ്റില്‍ തള്ളി.
പൂജാരിയുടെ ശിഷ്യനായ നിതിന്‍ കുര്‍ജി വനോദിയ എന്നയാള്‍ പൂജാരിയെ മൂര്‍ച്ചയുള്ള ഒരു ആയുധം ഉപയോഗിച്ച് കൊലപ്പെടുത്തുകയും മൃതദേഹം ആശ്രമത്തിലെ കിണറ്റില്‍ തള്ളുകയും ചെയ്തതായി പോലീസ് റിപ്പോർട്ടിൽ പറയുന്നു. കൊല്ലപ്പെട്ട പൂജാരിയുടെ സഹോദരന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നിതിന്‍ കുര്‍ജിനെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും അയാളെ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ആവശ്യപ്പെട്ട് കോടതിയില്‍ ഹാജരാക്കുകയും ചെയ്തു.
Tags:
Latest News
