മുത്തശ്ശിക്കൊപ്പമാണ് ടെറസിനോടു ചേര്‍ന്നുള്ള റൂമില്‍ രാത്രി കുഞ്ഞ് ഉറങ്ങിക്കിടന്നത്. മുറിയുടെ വാതില്‍ അടച്ചിരുന്നില്ല. ഇതിലൂടെയാണു കുരങ്ങന്‍മാര്‍ പ്രവേശിച്ചതെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കുട്ടിയെ കുരങ്ങന്‍മാര്‍ തട്ടിയെടുത്ത വിവരം മുത്തശ്ശി അറിഞ്ഞിരുന്നില്ല. കുറച്ചു മണിക്കൂറുകള്‍ക്കു ശേഷം കുഞ്ഞിന്റെ മൃതശരീരം വാട്ടര്‍ ടാങ്കില്‍ പൊങ്ങിക്കിടക്കുന്നതായി കണ്ടെത്തുകയായിരുന്നു.
ബാഗ്പത്തിലെ ദമ്പതികളായ പ്രിന്‍സിന്റെയും കോമളിന്റെയും മകനാണ് കേശവ് കുമാര്‍. മുന്‍പും കുരങ്ങന്‍മാര്‍ തങ്ങളുടെ ഏക മകനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടത്തിയിരുന്നെന്ന് ഇവര്‍ പറയുന്നു. ഇതു കണ്ട് ഓടിവന്ന ബന്ധുക്കളാണ് അന്നു കുട്ടിയെ രക്ഷിച്ചത്. ഇരുട്ടിന്റെ മറപറ്റി വീണ്ടും തങ്ങളുടെ മകനെ അന്വേഷിച്ചു കുരങ്ങന്‍മാര്‍ വരുമെന്നു തങ്ങള്‍ പ്രതീക്ഷിച്ചിരുന്നില്ലെന്നു കോമള്‍ പറയുന്നു.
പോലീസ് സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു. കുരങ്ങന്‍മാര്‍ കുട്ടിയുമായി ഒരു ടെറസില്‍ നിന്നു മറ്റൊന്നിലേക്കു ചാടുന്ന വീഡിയോ ദൃശ്യങ്ങള്‍ ഇവര്‍ക്ക് കിട്ടി. കൈക്കുഞ്ഞിന്റെ മരണം ബാഗ്പത്തിലെ ജനങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്. പ്രദേശത്ത് പല തവണയായി കുരങ്ങന്‍മാരുടെ ശല്യം കലശലാണെന്ന് ഇവര്‍ പറയുന്നു. ഇക്കാര്യം നേരത്തെ തന്നെ തദ്ദേശ ഭരണകൂടങ്ങളോട് പരാതിപ്പെട്ടിരുന്നെന്നും ആളുകള്‍ പറയുന്നു.
