കണ്ണൂര്‍: പോക്‌സോ കേസ് ഇര ആത്മഹത്യ ചെയ്തു. കണ്ണൂര്‍ കുറ്റേരി വില്ലേജിലെ പെണ്‍കുട്ടിയെയാണ് വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കേസുമായി ബന്ധപ്പെട്ട കാര്യങ്ങളാണോ ആത്മഹത്യയ്ക്ക് പിന്നിലെന്ന് പൊലിസ് അന്വേഷിച്ചുവരികയാണ്. കേസിനാസ്പദമായ സംഭവത്തിന് ശേഷം പെണ്‍കുട്ടിക്ക് സോഷ്യല്‍ മീഡിയയും ലാപ്‌ടോപും മൊബൈല്‍ ഫോണും ഉപയോഗിക്കുന്നതില്‍ നിന്ന് വീട്ടുകാര്‍ വിലക്കേര്‍പ്പെടുത്തിയിരുന്നതായിട്ടാണ് വിവരം. ഇതാണ് ആത്മഹത്യയ്ക്ക് പിന്നിലെന്നും പരിശോധിച്ചേക്കും. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.
ഏതാണ്ട് ഒരു വര്‍ഷം മുന്‍പാണ് ആത്മഹത്യ ചെയ്ത പെണ്‍കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടത്. ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട യുവാവ് നഗ്ന ദൃശ്യം കൈക്കലാക്കി ബ്ലാക്ക്‌മെയില്‍ ചെയ്ത് പീഡിപ്പിച്ചുവെന്നാണ് കേസ്. പാലക്കാട് സ്വദേശിയായ രാഹുല്‍ കൃഷ്ണയാണ് ആരോപണ വിധേയന്‍. പരാതിയില്‍ ഇയാള്‍ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. ഇന്‍സ്റ്റാഗ്രാം വഴി രാഹുലുമായി പരിചയത്തിലായ പെണ്‍കുട്ടിയുടെ നഗ്ന ദൃശ്യങ്ങള്‍ ഇയാള്‍ കൈക്കലാക്കി. പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ ഇയാള്‍ ബന്ധുക്കള്‍ക്ക് അയച്ച് നല്‍കുകയുമുണ്ടായി. തുടര്‍ന്നാണ് പൊലീസില്‍ പരാതി ലഭിച്ചത്.
പീഡന വിവരം വ്യക്തമായതോടെ പെണ്‍കുട്ടിയെ വീട്ടുകാര്‍ കൗണ്‍സിലിംഗിന് വിധേയമാക്കി. 17 വയസുള്ള സമയത്തായിരുന്നു സംഭവം. കൗണ്‍സിലിംഗില്‍ എട്ടാം ക്ലാസില്‍ പഠിക്കുന്ന സമയത്ത് അടുത്ത ബന്ധു പീഡിപ്പിച്ചുവെന്ന് വ്യക്തമായിരുന്നു. ഈ സംഭവത്തിലും പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. ആത്മഹത്യയിലേക്ക് നയിച്ച പെട്ടന്നുള്ള കാരണമെന്താണെന്ന് വ്യക്തമല്ല. പെണ്‍കുട്ടി മാനസിക സമ്മര്‍ദ്ദം അനുഭവിച്ചിരുന്നതായിട്ടാണ് സൂചന.
Tags:
Latest News
