തിരൂർ: അന്തർസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന വാടക ക്വാർട്ടേഴ്സുകൾ കേന്ദ്രീകരിച്ച് മൊബൈൽ ഫോണുകൾ മോഷ്ടിച്ച് വില്പന നടത്തുന്ന കേസിലെ പ്രതി അറസ്റ്റിൽ. നിലമ്പൂർ പനങ്ങാടൻ അബ്ദുൽ റഷീദിനെയാണ് (39) തിരൂർ പൊലീസ് അറസ്റ്റ് ചെയ്തത്. തിരുനാവായ ക്വാർട്ടേഴ്സിൽ താമസക്കാരനായ പ്രതി സമീപപ്രദേശങ്ങളിലെ അന്തർസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന വാടക ക്വാർട്ടേഴ്സുകളിൽ കയറി ഫോണുകൾ മോഷ്ടിക്കുകയും ശേഷം അവ മറ്റ് സ്ഥലങ്ങളിലെ അന്തർ സംസ്ഥാന തൊഴിലാളികൾക്ക് കുറഞ്ഞ വിലക്ക് വില്പന നടത്തുകയും ചെയ്യുകയാണ് പതിവ്. പ്രതി മലപ്പുറം ജില്ലയിലെ പല സ്റ്റേഷനിലും മോഷണ കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
തിരൂർ സി.ഐ എം.ജെ. ജിജോയുടെ നേതൃത്വത്തിൽ എസ്.ഐ ജലീൽ കറുത്തേടത്ത്, സിവിൽ പൊലീസ് ഓഫിസർമാരായ ഉണ്ണിക്കുട്ടൻ, ഷിജിത്ത്, ഷെറിൻ ജോൺ തുടങ്ങിയവരാണ് പ്രതിയെ പിടികൂടിയത്.
