ഈ സ്വാതന്ത്ര്യ ദിനം ഇന്ത്യക്ക് ഏറെ പ്രിയപ്പെട്ടതാണ്. കാരണം രാജ്യം 75ാമത്തെ സ്വാതന്ത്ര്യ വർഷത്തിലൂടെയാണ് ഇപ്പോൾ കടന്ന് പോകുന്നത്. എല്ലാ വീടുകളിലും ദേശീയ പതാക മൂന്ന് ദിവസം ഉയർത്താനാണ് നാം ഓരോരുത്തരോടും പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരിക്കുന്നത്. രാജ്യത്തെ ഇരുപത് കോടി കുടുംബങ്ങളിലും ദേശീയ പതാക ഉയരുന്ന മനോഹരമായ കാഴ്ചയൊന്ന് സങ്കൽപ്പിച്ചു നോക്കു. ഹർ ഘർ തിരംഗ അഥവാ എല്ലാ വീട്ടിലും പതാക എന്ന പദ്ധതിയിൽ നമുക്കും പങ്കാളിയാവാം. ഇനി പുതിയ ദേശീയ പതാക എവിടെ നിന്നും ലഭിക്കും എന്നതിലും ആശങ്ക വേണ്ട, അതിനുള്ള അവസരം ഒരുക്കിയിരിക്കുകയാണ് തപാൽ വകുപ്പ്.
ദേശീയ പതാകകളുടെ, കൗണ്ടർ വിൽപ്പനയും, ഓൺലൈൻ വിൽപ്പനയും തപാൽ വകുപ്പ് ആരംഭിച്ചു കഴിഞ്ഞു. ഇതിനായി ചെയ്യേണ്ടത് തപാൽ വകുപ്പിന്റെ വെബ്‌സൈറ്റായ epostoffice.gov.in സന്ദർശിച്ച് ആവശ്യമുള്ള പതാകകൾക്ക് ഓർഡർ നൽകക, പതാകകൾ അടുത്തുള്ള തപാൽ ഓഫീസിൽ നിന്നും വാങ്ങാനാവും, നേരിട്ട് പോസ്റ്റ് ഓഫീസുകളിൽ എത്തിയാലും പതാക ലഭിക്കും. 25 രൂപയാണ് പതാകയുടെ വില. സൈറ്റിൽ കയറി പണം അടച്ചാൽ സൗജന്യമായി പതാക ഉപഭോക്താവിന് അടുത്തുള്ള പോസ്റ്റ് ഓഫീസിൽ നിന്നും ലഭിക്കും.
തപാൽ വകുപ്പിനൊപ്പം രാജ്യത്തെ പ്രമുഖ ഇകൊമേഴ്സ് വെബ്‌സൈറ്റുകളിലും പതാക വിൽപ്പന ആരംഭിച്ചിട്ടുണ്ട്.
രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചതിന്റെ 75ാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായാണ് 'ഹർ ഘർ തിരംഗ' ക്യാമ്പയിൻ ആരംഭിച്ചിരിക്കുന്നത്. ഈ അവസരത്തിൽ യാതൊരു നിയന്ത്രണവുമില്ലാതെ ത്രിവർണ്ണ പതാകകൾ പ്രദർശിപ്പിക്കാനാവും. ഓഗസ്റ്റ് 13 മുതൽ ഓഗസ്റ്റ് 15 വരെ മൂന്ന് ദിവസത്തേക്ക് വീടുകളിൽ ത്രിവർണ്ണ പതാക ഉയർത്താം. ഇതിനായി ആഭ്യന്തര മന്ത്രാലയം അടുത്തിടെ ഇന്ത്യയുടെ പതാക കോഡ് ഭേദഗതി ചെയ്തിരുന്നു.
