Trending

വോട്ടർ പട്ടികയിലെ പേരും ആധാറും ഓൺലൈനായി ബന്ധിപ്പിക്കാം




വോട്ടർ പട്ടികയിൽ പേരുള്ള സമ്മതിദായകന് ആധാർ നമ്പർ വോട്ടർ പട്ടികയുമായി ബന്ധിപ്പിക്കാവുന്നതാണെന്നു ചീഫ് ഇലക്ട്രൽ ഓഫീസർ അറിയിച്ചു. വോട്ടർ പട്ടിക തയാറാക്കുന്ന നിയമങ്ങളിലും ചട്ടങ്ങളിലും തെരഞ്ഞെടുപ്പു കമ്മിഷന്റെ ശുപാർശയുടെ അടിസ്ഥാനത്തിൽ കേന്ദ്ര സർക്കാർ വരുത്തിയ ഭേദഗതിയുടെ അടിസ്ഥാനത്തിലാണു വോട്ടർ പട്ടികയും ആധാർ നമ്പറും ബന്ധിപ്പിക്കുന്നത്. നിലവിൽ വോട്ടർപട്ടികയിൽ പേരുള്ള ഒരു സമ്മതിദായകന് തന്റെ ആധാർ നമ്പർ തെരഞ്ഞെടുപ്പു കമ്മിഷന്റെ www.nvsp.in എന്ന വെബ്സൈറ്റ് മുഖേനയോ വോട്ടർ ഹെൽപ്പ്ലൈൻ ആപ്പ് (വി.എച്ച്.എ) മുഖേനയോ ഫോം 6B യിലോ അപേക്ഷ സമർപ്പിക്കാം. പുതുതായി വോട്ടർപട്ടികയിൽ പേരു ചേർക്കുന്നവർക്ക് ഫോം 6ലെ ബന്ധപ്പെട്ട കോളത്തിൽ ആധാർ നമ്പർ രേഖപ്പെടുത്താമെന്നും ചീഫ് ഇലക്ട്രൽ ഓഫീസർ അറിയിച്ചു.  

നിലവിൽ എല്ലാ വർഷവും ജനുവരി 1 യോഗ്യതാ തീയതിയിൽ 18 വയസ്സ് പൂർത്തിയാകുന്ന അർഹരായ ഇന്ത്യൻ പൗരൻമാർക്കാണ് വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന് അവസരമുണ്ടായിരുന്നത്. ഇനി മുതൽ ജനുവരി 1, ഏപ്രിൽ 1, ജൂലൈ 1, ഒക്‌ടോബർ 1 എന്നീ നാല് യോഗ്യതാ തീയതികളിലും 18 വയസ് പൂർത്തിയാകുന്ന ഇന്ത്യൻ പൗരൻമാർക്ക് വോട്ടർ പട്ടികയിൽ പേര് ചേർക്കാം. ജനുവരി 1 യോഗ്യത തീയതിയായി നിശ്ചയിച്ച് ഒരു വാർഷിക സമ്മതിദായക പട്ടിക പുതുക്കൽ ഉണ്ടായിരിക്കും. ഇതിന്റെ ഭാഗമായി കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു കഴിഞ്ഞാൽ തുടർന്നു വരുന്ന 3 യോഗ്യതാ തീയതികളിൽ (ഏപ്രിൽ 1, ജൂലൈ 1, ഒക്‌ടോബർ 1) 18 വയസ് പൂർത്തിയാക്കുന്നവർക്കും പട്ടികയിൽ പേര് ചേർക്കുന്നതിന് മുൻകൂറായി അപേക്ഷ സമർപ്പിക്കാവുന്നതാണ്. വാർഷിക സമ്മതിദായക പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട കരട് പട്ടിക പ്രസിദ്ധീകരിക്കുന്ന തീയതി മുതൽ ആക്ഷേപങ്ങളും അവകാശങ്ങളും ഉന്നയിക്കുന്നതിനുള്ള സമയപിരിധി അവസാനിക്കുന്നതുവരെ അപേക്ഷകൾ സമർപ്പിക്കാം. 2023ലെ വാർഷിക സമ്മതിദായക പട്ടിക പുതുക്കൽ 2022 ആഗസ്റ്റ് ആദ്യവാരം ആരംഭിക്കും.

വാർഷിക സമ്മതിദായക പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് ജനുവരി 1 യോഗ്യത തീയതിയിലേയ്ക്കുള്ള മുൻകൂറായി ലഭിച്ച അപേക്ഷകൾ പ്രോസസ് ചെയ്തശേഷം അന്തിമ പട്ടിക പ്രസിദ്ധീകരിക്കുന്നതിനായി വോട്ടർ പട്ടിക അപ്‌ഡേറ്റ് ചെയ്യും. വാർഷി സമ്മദിദായക പട്ടിക പുതുക്കൽ സമയത്ത് മുൻകൂറായി ലഭിക്കുന്ന അപേക്ഷകളും തുടർന്നു വരുന്ന യോഗ്യത തീയതികളിലേക്കുള്ള (ഏപ്രിൽ 1, ജൂലൈ 1, ഓക്‌ടോബർ 1)  അവകാശം ഉന്നയിച്ചുകൊണ്ടുള്ള അപേക്ഷകളും (ഫോറം-6) അന്തിമ പട്ടിക പ്രസിദ്ധീകരിച്ച ശേഷം മുൻകൂറായോ അല്ലാതെയോ ലഭിക്കുന്ന അപേക്ഷകളും ബന്ധപ്പെട്ട ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർ (തഹസിൽദാർ) അതത് യോഗ്യത തീയതികൾക്കു ശേഷം തുടർച്ചയായി പ്രോസസ് ചെയ്യും.

വാർഷിക സമ്മതിദായക പട്ടിക പുതുക്കൽ സമയത്ത് മുൻകൂറായി ഫാറം-6 സമർപ്പിക്കാൻ കഴിഞ്ഞില്ലെങ്കിലും തുടർന്നു വരുന്ന യോഗ്യതാ തീയതികളിൽ പ്രസ്തുത അപേക്ഷ സമർപ്പിക്കാം. വാർഷിക സമ്മതിദായക പട്ടിക പുതുക്കൽ സമയത്ത് മുൻകൂറായി പേര് ചേർക്കുന്നതിന് അപേക്ഷ സമർപ്പിക്കാമെന്നത് തിരഞ്ഞെടുപ്പ് കമ്മീഷൻ യുവജനങ്ങൾക്ക് വേണ്ടി ഏർപ്പെടുത്തിയിട്ടുള്ള ഒരു അധിക സൗകര്യമാണെന്നും അറിയിച്ചു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post