പൂനൂർ: യാത്രക്കാരെ കയറ്റുകയായിരുന്ന ഓട്ടോറിക്ഷക്ക് മുകളിൽ തെങ്ങും വൈദ്യുതി പോസ്റ്റും വീണു. യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. പൂനൂരിലെ ഓട്ടോഡ്രൈവർ വള്ളിൽവയൽ മുള്ളമ്പലത്തിങ്ങൽ രാമചന്ദ്രനും ബന്ധുക്കളായ യാത്രക്കാരുമാണ് തലനാരിഴക്ക് ദുരന്തം ഒഴിവായതിന്‍റെ ആശ്വാസത്തിലുള്ളത്
തിങ്കളാഴ്‌ച രാവിലെ പതിനൊന്നരയോടെയാണ് സംഭവം. പെരിങ്ങളംവയൽ കടാംകൊള്ളിൽ റോഡിലാണ് യാത്രക്കാരെ കയറ്റുകയായിരുന്ന ഓട്ടോറിക്ഷയുടെ മുകളിലേക്ക് തെങ്ങും വൈദ്യുത തൂണും കടപുഴകി വീണത്. ഓട്ടോറിക്ഷയുടെ മുൻ ഭാഗം തകർന്നു. ശക്തമായ കാറ്റിൽ തെങ്ങ് കടപുഴകി സമീപത്തെ വൈദ്യുതി ലൈനിന് മുകളിൽ വീഴുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തിൽ കോൺക്രീറ്റ് പോസ്റ്റ് കടപുഴകി ഓട്ടോറിക്ഷയുടെ മുകളിൽ മുൻ ഭാഗത്താണ് പതിച്ചത്.
