കൈതപ്പൊയിൽ : മലബാർ റിവർ ഫെസ്റ്റിവലിനോടനുബന്ധിച്ച് നടത്തുന്ന ഇന്റർനാഷണൽ വൈറ്റ് വാട്ടർ കയാക്കിങ് മത്സരത്തിന്റെ പ്രചാരണാർത്ഥം സംഘടിപ്പിച്ച സൈക്ലിങ്ങിന് നോളജ് സിറ്റിയിൽ സ്വീകരണം നൽകി. മർകസ് നോളജ് സിറ്റിയിലെ ഫെസ്ഇൻ ഹോട്ടലിൽ വെച്ചാണ് കോഴിക്കോട് നിന്നും ആരംഭിച്ച് കോടഞ്ചേരി പുലിക്കയത്തേക്ക് നടത്തിയ സൈക്ലിങ്ങിന് സ്വീകരണം നൽകിയത്. ടൂറിസം വകുപ്പ്, ജില്ലാ പഞ്ചായത്ത്, കേരള അഡ്വഞ്ചച്ചർ ടൂറിസം പ്രൊമോഷൻ കൗൺസിൽ, ഇന്ത്യൻ കയാക്കിങ് ആൻഡ് കനോയിങ് അസോസിയേഷൻ എന്നിവയുടെ സഹായത്തോടെയാണ് അന്തർദേശീയ കയാക്കിങ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. ഇതിന്റെ പ്രചാരണത്തിന്റെ ഭാഗമായാണ് മർകസ് നോളജ് സിറ്റിയിലെ ഫേസ്ഇൻ ഹോട്ടലിന്റെ സഹായത്തോടെ ടീം മലബാർ റൈഡേഴ്സ്, കാലിക്കറ്റ് പെഡലേഴ്‌സ്, മലബാർ സൈക്കിൾ റൈഡേഴ്സ് എന്നീ സംഘങ്ങളുടെ നേതൃത്വത്തിൽ പ്രചരണ റൈഡ് സംഘടിപ്പിച്ചത്.
സ്വീകരണ ചടങ്ങിൽ കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി, കൊടുവളളി ബ്ലോക്ക് പഞ്ചായത്തംഗം റോയി കുന്നപ്പള്ളി, കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റി സി ഇ ഒ ബിനു കുര്യാക്കോസ്, ഡി ടി പി സി സെക്രട്ടറി നിഖിൽ ദാസ്, തുഷാരഗിരി അഡ്വഞ്ചർ കയാക്കിങ് അക്കാദമി പ്രസിഡന്റ് പോൾസൺ ജോസഫ്, മർകസ് നോളജ് സിറ്റി സി എ ഒ അഡ്വ. തൻവീർ ഉമർ, ഫെസ്ഇൻ ഹോട്ടൽ എം ഡി ഷൗക്കത്ത് അലി, ഡയറക്ടർ മുഹമ്മദ് റിയാസ്, ജനറൽ മാനേജർ അഫ്സൽ അഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു.
