നാദാപുരം :
പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിയെ 16 വർഷം തടവും 40,000 രൂപ പിഴയും അടക്കാൻ നാദാപുരം ഫാസ്റ്റ്ട്രാക്ക്പോക്സോ കോടതി ജഡ്ജി എം ശുഹൈബ് വിധിച്ചു.
അഴിയൂർ കോറോത്ത് റോഡ് സുല്ലീസ് വീട്ടിൽ കെ പി ഫിറോസ് (50) നെയാണ് കോടതി ശിക്ഷിച്ചത്.
2018 ലാണ് കേസിനാപദമായ സംഭവം നടന്നത്. ആലപ്പുഴ ജില്ലക്കാരിയായ 11 കാരിയെ 2018 വാർഷിക പരീക്ഷ ശേഷവും തുടർന്നുള്ള ദിവസങ്ങളിലും അഴിയൂരിലെ വീട്ടിൽ വെച്ച് ലൈംഗീകമായി പീഡിപ്പിക്കുകയും, മാനഭംഗപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്.
ചോമ്പാല എസ്ഐ വി നസീറാണ് കുറ്റപത്രം സമർപ്പിച്ചത്.
പ്രോസിക്യൂഷന് വേണ്ടി 15 സാക്ഷികളെ വിസ്തരിക്കുകയും 20 രേഖകൾ മാർക്ക് ചെയ്യുകയും ചെയ്തു.
പ്രോസിക്യൂഷന് വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടർ മനോജ് അരൂർ ഹാജരായി. ലെയ്സൺ ഓഫീസറും സീനിയർ സിവിൽ പോലീസ് ഓഫീസറുമായ പി എം ഷാജി കേസ് നടപടികളെ ഏകോപിപ്പിച്ചു.