പാലക്കാട്:അഗളി കോട്ടത്തറ
ചന്തക്കടയിൽ രണ്ട് ആഡംബര കാറുകളിൽ കഞ്ചാവ് കടത്തിയ നാലുപേരെ എക്സൈസ് സംഘം പിടികൂടി.
അട്ടപ്പാടി ആർ.ജി.എം. കോളേജിലെ വിദ്യാർഥി അട്ടപ്പാടി പാക്കുളം സ്വദേശി ആദർശ് (20), പാക്കുളം സ്വദേശി മുഹമ്മദ് ആസിഫ് (21), കോഴിക്കോട് ആവിലോറ പറക്കുന്ന് സ്വദേശി അൻവർ എന്ന അമ്പു (33), താമരശ്ശേരി സ്വദേശി ഷമീർ (36) എന്നിവരാണ് പിടിയിലായത്. 116 കിലോഗ്രാം കഞ്ചാവാണ് പിടികൂടിയത്. ആന്ധ്രയിൽനിന്നുമാണ് കഞ്ചാവ് കടത്തിക്കൊണ്ടുവന്നത്.
സംസ്ഥാന എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് അസി. എക്സൈസ് കമ്മിഷണർ ടി. അനികുമാറിന് കിട്ടിയ രഹസ്യവിവരത്തെത്തുടർന്നായിരു കഞ്ചാവ് പിടികൂടിയത്. പുതൂരിൽനിന്ന് വാഹനം പിന്തുടർന്നാണ് കോട്ടത്തറ ചന്തക്കടയിൽനിന്ന് ഇവരെ പിടികൂടിയത്. വീട് വാടകയ്ക്കെടുത്താണ് കഞ്ചാവുകച്ചവടം നടത്തിയിരുന്നത്. ചെറിയ പൊതികളായി പാക്ക് ചെയ്ത് പ്ലാസ്റ്റിക് ചാക്കിലായിരുന്നു കടത്തിയത്. കോളേജ് വിദ്യാർഥികളെയും വിനോദയാത്രക്കാരെയും കേന്ദ്രീകരിച്ചാണ് വില്പന നടത്തിയിരുന്നത്.
മണ്ണാർക്കാട് എക്സൈസ് സർക്കിളിലെ സി.ഐ. എസ്.ബി. ആദർശ്, കമ്മിഷണർ സ്ക്വാഡ് പ്രിവന്റീവ് ഓഫീസർ എസ്.ജി. സുനിൽ, സിവിൽ എക്സൈസ് ഓഫീസർ മുഹമ്മദാലി, ഡ്രൈവർ കെ. രാജീവ്, മണ്ണാർക്കാട് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർമാരായ എം.പി. വിനോദ്, സി. രാജു, സിവിൽ എക്സൈസ് ഓഫീസർമാരായ കെ.വി. ദിനേശ്, അഗളി എക്സൈസ് റെയ്ഞ്ച് ഓഫീസ് പ്രിവന്റീവ് ഓഫീസർമാരായ എ.എസ്. പ്രവീൺ, എം.കെ. മണികണ്ഠൻ, ടി.കെ. ഭോജൻ, സിവിൽ എക്സൈസ് ഓഫീസർ ലിജിത എസ്. നായർ, ഡ്രൈവർ എ. അനൂപ്, ജനമൈത്രി എക്സൈസ്
സ്ക്വാഡ് അസി. എക്സൈസ് ഇൻസ്പെക്ടർ ആർ. സന്തോഷ്, പ്രിവന്റീവ് ഓഫീസർ ടി. ഷാംജിത്ത്, സിവിൽ എക്സൈസ് ഓഫീസർമാരായ എസ്. പ്രവീൺ എന്നിവരുടെ നേതൃത്വത്തിലാണ് കഞ്ചാവ് പിടികൂടിയത്.
