താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനത്തു നിന്നും ജെടി അബ്ദുറഹ്മാൻ മാസ്റ്റർ പടിയിറങ്ങുന്നു, മുന്നണി ധാരണ പ്രകാരമാണ് സ്ഥാനമൊഴിയുന്നത്. മൂന്നു വർഷക്കാലമായി താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനം അലംങ്കരിച്ച് വരികയാണ്. യുഡിഎഫിലെ ഘടകക്ഷിയായ കോൺഗ്രസ്സിൻ്റെ പ്രതിനിധിയാവും അടുത്ത പ്രസിഡൻറ്.
അബ്ദുറഹ്മാൻ മാസ്റ്ററുടെ കുറിപ്പ് താഴെ..
2020 ഡിസംബറിൽ നടന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ താമരശ്ശേരി ഗ്രാമപഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ നിന്ന്
മികച്ച ഭൂരിപക്ഷത്തോടെ തെരഞ്ഞെടുക്കപ്പെട്ട്, കഴിഞ്ഞ മൂന്നു വർഷക്കാലം പഞ്ചായത്ത് പ്രസിഡണ്ട്
*എന്ന പദവി അലങ്കരിച്ച്, കാർമികത്വം വഹിച്ച് ഇന്ന് ആ ചുമതലയിൽ നിന്ന് ഞാന്‍ പടിയിറങ്ങുകയാണ്.*
*നാടിന്റെ നാനോൻമുഖമായ വികസന പ്രവർത്തനങ്ങളിൽ ഭാഗവാക്കാവാനും, ജനങ്ങളുമായി ഇടപഴകാനും,അവരുടെ പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും പരാധീനതകളും മനസ്സിലാക്കി പ്രവർത്തിക്കാനും, സാധിച്ചു എന്നത് വളരെ സന്തോഷം നൽകുന്ന കാര്യമാണ്.*
*ശുചിത്വം,മാലിന്യ സംസ്കരണം, കുടിവെള്ള പദ്ധതി, ജലജീവൻ, ജലനിധി, ഭിന്നശേഷികളായ കുട്ടികളെയും സ്ത്രീകളെയും ശാക്തീകരിക്കൽ, ആരോഗ്യ,വിദ്യാഭ്യാസ, കാർഷിക മേഖലയിലെ പുതുമയാർന്ന പദ്ധതികൾ,യുവതീ യുവാക്കളുടെ തൊഴിൽ പരിശീലനം തുടങ്ങിയ ഒട്ടേറെ മേഖലയിൽ ശ്രദ്ധേയമായ കുതിച്ചുചാട്ടം നടത്താൻ ഈ കാലയളവില്‍ സാധിച്ചിട്ടുണ്ട് എന്നതിൽ ഞാൻ അഭിമാനം കൊള്ളുന്നു.*
*ഒരു പഞ്ചായത്ത് പ്രസിഡണ്ട് എന്ന നിലയിൽ ആത്മാർത്ഥതയും, പ്രവർത്തനക്ഷമതയും മുൻനിർത്തി പ്രവർത്തിക്കുകയും ജാതി മത ഭേദമന്യേ എല്ലാ വിഭാഗം ജനങ്ങൾക്കും നന്മയും വികസനവും സാധ്യമാക്കുന്ന രീതിയിൽ പ്രവർത്തിക്കുകയും ചെയ്തു എന്ന ചാരിതാർത്ഥ്യത്തോടെയാണ് ഞാൻ പടിയിറങ്ങുന്നത്. മൂല്യവും,നന്‍മയും, നീതിയും മുന്‍ നിർത്തി പ്രവർത്തിക്കുന്നതിലൂടെ എല്ലാ വിഭാഗം ജനങ്ങളെയും സമതുല്യരായി കാണാനും അവരുടെ പ്രശ്നങ്ങളെ രാഷ്ട്രീയ പക്ഷപാതിത്വം പോലും കാണിക്കാതെ നോക്കിക്കാണാനും പരിഹരിക്കാനും ശ്രമിച്ചിട്ടുണ്ട് എന്ന ഉത്തമ ബോധ്യമുണ്ട്.*
*ഉദ്യോഗസ്ഥരുടെ അഭംഗുരമായ സഹകരണവും,സഹപ്രവർത്തകരുടെ വിലപ്പെട്ട നിർദ്ദേശങ്ങളും ഇടപെടലുകളും, ആരോഗ്യകരമായ വിമർശനങ്ങളും, ചർച്ചകളും,വിശിഷ്യാ ജനപ്രതിനിധികളുടെ, ഭരണ പ്രതിപക്ഷ വേർതിരിവില്ലാതെയുള്ള കൂട്ടായ പ്രവർത്തനവും, മത സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ രംഗത്തെ നേതാക്കളുടെ സഹകരണ മനസ്കതയും, താമരശ്ശേരി ഗ്രാമപഞ്ചായത്തിലെ സുമനസ്സുകളുടെ, നിർലോഭമായ പിന്തുണയും കൊണ്ടാണ് ഇത്രയും പദ്ധതികൾ നടപ്പിലാക്കുന്നതിലും,വിജയിപ്പിക്കുന്നതിലും നിർണായകമായത് എന്നത് ഞാൻ ഈ അവസരത്തിൽ സ്മരിക്കുന്നു.*
*എന്റെ വാർഡിലെ വോട്ടർമാർ പ്രത്യേകിച്ചും, അത് പോലെ താമരശ്ശേരി പഞ്ചായത്തിലെ മുഴുവൻ നിവാസികളും, ഒരു പഞ്ചായത്ത് പ്രസിഡണ്ട് എന്നതിലുപരി അവരിൽ ഒരാളായി എന്നെ കണ്ടതുകൊണ്ടാണ് വിജയകരമായി ഈ ചുമതല നിർവഹിക്കാൻ എനിക്ക് സാധിച്ചിട്ടുള്ളത്.*
*ചില നിർണായകമായ പുരോഗമന പ്രവർത്തനങ്ങള്‍ പ്രത്യേക പരാമർശം അർഹിക്കുന്നുണ്ട്, അതില്‍ പെട്ടതാണ് കമ്മ്യൂണിറ്റി ലേണിംഗ് സ്പേസ് സെന്‍ർ, വഴിയോര വിശ്രമ കേന്ദ്രമായി ടേക്ക് എ ബ്രേക്ക്, സ്ത്രീ ശാക്തീകരണത്തിനായി വുമണ്‍ ഫെസിലിറ്റേഷന്‍ സെന്‍റർ, നാടിന്‍റെ മുഖച്ഛായ മാറ്റാന്‍ ഉതകുന്ന ഷോപ്പിംഗ് കോപ്ലക്സിനായി ടെണ്ടർ പൂർത്തീകരിച്ചത്, യുവതലമുറക്ക് കളിക്കാന്‍ സൗകര്യമൊരുക്കാന്‍ മൈതാനങ്ങള്‍ നവീകരിച്ചത്, പരപ്പന്‍ പൊയിലില്‍ പ്രവർത്തനമാരംഭിക്കുന്ന ഹോമിയോ ഹോസ്പിറ്റല്‍ പ്രവർത്തി ഉല്‍ഘാടനം, അംഗന്‍വാടികളുടെ ആധുനിക വല്‍കരണം സമ്പൂർണമാക്കിയത് , തൊഴിലുറപ്പ് പദ്ധതിയുമായി ചേർന്ന് തരിശുഭൂമി നെല്‍കൃഷിക്ക് യോഗ്യമാക്കിയത്, ജലജീവന്‍ പദ്ധതിയിലൂടെ എല്ലാ വീടുകളിലും വെള്ളമെത്തിക്കാനുള്ള പദ്ധതിക്ക് തുടക്കം കുറിക്കാൻ കഴിഞ്ഞത് പ്രത്യേകം എടുത്തു പറയേണ്ട പ്രവർത്തനങ്ങളിൽ ചിലതാണ്.*
*കഴിഞ്ഞ മൂന്നു വർഷക്കാലത്തെ സ്ഥാപനത്തിന്റെ ചലനപഥങ്ങളിൽ താങ്ങായി,തണലായി, സുഗന്ധമായി നിന്ന അസംഖ്യം പേരുണ്ട്. പ്രത്യേകം പേരെടുത്ത് പറയേണ്ടവരാണ് എല്ലാവരും..... പഞ്ചായത്ത് നടപ്പാക്കിയ എല്ലാ പ്രവർത്തികളുടെയും വിജയം കൂട്ടായ്മയുടെ വിജയം കൂടിയാണ്. ഒരേ മനസുള്ള കുറേ വ്യക്തികള്‍ ഒരുമിച്ച് നിന്ന് സാധ്യമാക്കിയ വിജയം. എല്ലാ സഹപ്രവർത്തകരും ഇതില്‍ പങ്കാളികളാണെങ്കിലും ചില പേരുകള്‍ പറയാതെ വയ്യ, എല്ലാ പുരോഗമന പ്രവർത്തനങ്ങള്‍ക്കും എന്റെ കൂടെ നിന്ന് ശക്തി പകർന്ന പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൗദാ ബീവി,മുൻ വൈസ് പ്രസിഡന്റ് ഖദീജാ സത്താർ,സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയർമാന്മാരായ എ അരവിന്ദന്‍, എം ടി മുഹമ്മദ് അയ്യൂബ് ഖാന്‍, മഞ്ജിതാ കുറ്റ്യാക്കില്‍, ആസൂത്രണ സമിതി അംഗങ്ങള്‍ എന്നിവരെ പ്രത്യേകം ഈ അവസരത്തില്‍ ഓർക്കുന്നു.*
*സഹകരണ മനസ്കരായി ഹൃദയം തുറന്നവരെ ഞാൻ കൃതജ്ഞതയോടെ ഓർക്കുന്നു.*
*ഇനി മുന്നോട്ടുള്ള പ്രയാണത്തിലും നമുക്ക് ഒരുമിച്ച് മുന്നേറേണ്ടതുണ്ട്. ഈ നാട് നമ്മിലേല്‍പിച്ച ഉത്തരവാദിത്തം അതിന്‍റെ പൂർണതയോടെ നമുക്ക് നിർവഹിക്കാന്‍ സാധിക്കണം. പഞ്ചായത്ത് ഓഫീസ് നവീകരണം , എം സി എഫ് നിർമാണം തുടങ്ങി നിരവധി പദ്ധതികള്‍ നമുക്ക് മുന്നിലുണ്ട്. നാം ഒരുമിച്ച് നിന്ന് ആത്മാർത്ഥയോടെ പ്രവർത്തിച്ചാൽ ജനങ്ങള്‍ കൂടെയുണ്ടാവും എന്ന് കഴിഞ്ഞ മൂന്ന് വർഷങ്ങള്‍ തെളിയിച്ചു. പ്രസിഡന്‍റ് പദവി ഒഴിഞ്ഞാലും ഉത്തരവാദിത്ത ബോധം ഒട്ടും കുറയാതെ പുതിയ ടീമിനൊപ്പം ഞാനും ഉണ്ടാവും.*
*കൃത്യാന്തര ബാഹുല്യങ്ങൾക്കിടയിൽ,എന്റെ പ്രവർത്തനത്തിൽ വല്ലവർക്കും മനോ വിഷമം അനുഭവപ്പെട്ടെങ്കിൽ സദയം ക്ഷമിക്കണമെന്നും,കഴിഞ്ഞ മൂന്ന് വർഷത്തെ ഭരണ കാലയളവിൽ എന്നെ ചേർത്ത് പിടിച്ച,സഹകരിച്ച,സഹായിച്ച, പ്രോത്സാഹനവും പ്രചോദനവും നൽകിയ, എല്ലാ സഹൃദയർക്കും ഹൃദയാന്തരാളത്തിൽ നിന്ന് സ്നേഹോഷ്മളമായ നന്ദി പ്രകാശിപ്പിക്കുന്നു.*
*സ്നേഹത്തോടെ,*
*J T* *അബ്ദുറഹ്മാൻ* *മാസ്റ്റർ*
*( പ്രസിഡണ്ട് , താമരശ്ശേരി ഗ്രാമപഞ്ചായത്ത് )*
