ദില്ലി: ലോക്സഭ തെരഞ്ഞെടുപ്പില്‍ 13 തിരിച്ചറിയല്‍ രേഖകള്‍ വോട്ട് ചെയ്യാനെത്തുന്ന സമ്മതിദായകർക്ക് ഉപയോഗിക്കാം എന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടതും വ്യാപകമായി ഉപയോഗിക്കപ്പെടുന്നതും ഫോട്ടോ പതിച്ച വോട്ടർ ഐഡി കാർഡാണ് (ഇലക്ഷന്‍ തിരിച്ചറിയല്‍ കാർഡ്).
പോളിംഗ് ബൂത്തിലെത്തുമ്പോള്‍ വോട്ടർ ഐഡി കാർഡ് എടുക്കാന്‍ മറന്നു എന്നുതന്നെയിരിക്കട്ടെ. എങ്കിലും നിങ്ങള്‍ക്ക് വോട്ട് രേഖപ്പെടുത്താം. വോട്ടർ ഐഡി കാർഡ് ഓണ്‍ലൈനായി ഡൗണ്‍ലോഡ് ചെയ്താല്‍ മാത്രം മതി. ആവശ്യം വന്നാല്‍ ഉടനടി വോട്ടർ ഐഡി കാർഡ് ഡൗണ്‍ലോഡ് ചെയ്യാനുള്ള അവസരമാണ് ഇലക്ഷന്‍ കമ്മീഷന്‍ ഒരുക്കിയിരിക്കുന്നത്. e-EPIC service എന്നാണ് ഈ സംവിധാനത്തിന്‍റെ പേര്. പിഡിഎഫ് ഫോർമാറ്റില്‍ ലഭിക്കുന്ന വോട്ടർ ഐഡി കാർഡ് കോപ്പി ഡൗണ്‍ലോഡ് ചെയ്ത് നിങ്ങളുടെ സൗകര്യത്തിന് അനുസരിച്ച് ഫോണില്‍ സേവ് ചെയ്ത് വെക്കുന്നതിനൊപ്പം ഡിജിലോക്കറില്‍ അപ്‍ലോഡ് ചെയ്യുകയും ചെയ്യാം. ഇതേ കോപ്പി പ്രിന്‍റ് ചെയ്ത് കയ്യില്‍ സൂക്ഷിച്ചാലും മതി വോട്ട് ചെയ്യാന്‍.
https://nvsp.in എന്ന വെബ്സൈറ്റ് വഴിയാണ് വോട്ടർ ഐഡി കാർഡിന്‍റെ പിഡിഎഫ് രൂപം ഡൗണ്‍ലോഡ് ചെയ്യേണ്ടത്. ഇതിനായി വെബ്സൈറ്റില്‍ ലോഗിന്‍ ചെയ്ത ശേഷം വോട്ടർ ഐഡി കാർഡ് നമ്പറോ ഫോം റഫറന്‍സ് നമ്പറോ നല്‍കിയാല്‍ മതി. ഇതോടെ ഫോമിലേക്ക് വരുന്ന ഒടിപി നല്‍കിയാല്‍ ഫോം ഡൗണ്‍ലോഡ് ചെയ്യാനുള്ള ഓപ്ഷന്‍ തെളിഞ്ഞുവരും.
ഇതിനു പുറമെ വോട്ടിംഗിനായി 12 തിരിച്ചറിയൽ രേഖകൾ കൂടി തിരഞ്ഞെടുപ്പിൽ ഐഡന്റിറ്റി കാർഡായി ഉപയോഗിക്കാവുന്നതാണ്.
ദേശീയ ജനസംഖ്യ രജിസ്റ്റർ അടക്കമുള്ള 13 ഇനം തിരിച്ചറിയൽ രേഖകൾ വോട്ട് ചെയ്യാനായി ഉപയോഗിക്കാമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, വോട്ടർ പട്ടികയിൽ പേരുള്ളവർക്ക് മാത്രമേ ഇത്തരം തിരിച്ചറിവിൽ രേഖകൾ ഉപയോഗിച്ച് വോട്ട് ചെയ്യാൻ സാധിക്കുകയുള്ളൂ. വോട്ടർ ഐഡി കാർഡിന് പുറമേ, അനുവദനീയമായ മറ്റ് രേഖകൾ എന്തൊക്കെയെന്ന് പരിചയപ്പെടാം.
- ആധാർ കാർഡ്
- പാൻ കാർഡ്
- യുഡിഐഡി
- സർവീസ് തിരിച്ചറിയൽ കാർഡ്
- ബാങ്ക് പാസ്ബുക്ക്
- പോസ്റ്റോഫീസ് പാസ് ബുക്ക്
- ഹെൽത്ത് ഇൻഷുറൻസ് സ്മാർട്ട് കാർഡ്
- ഡ്രൈവിംഗ് ലൈസൻസ്
- പാസ്പോർട്ട്
- പെൻഷൻ രേഖ
- എംപി/എംഎൽഎ തിരിച്ചറിയൽ കാർഡ്
- തൊഴിലുറപ്പ് തിരിച്ചറിയൽ കാർഡ്
