കാഞ്ഞങ്ങാട്: പള്ളിക്കരയിൽ മകൻ പിതാവിനെ ഇരുമ്പുപാരകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി. പള്ളിക്കര സെന്റ് മേരീസ് സ്കൂളിന് സമീപത്തെ പി. അപ്പക്കുഞ്ഞിയാണ് (65) മരിച്ചത്. മകൻ പ്രമോദിനെ (37) ബേക്കൽ പൊലീസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച വൈകീട്ട് വീടിന്റെ വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തുകടന്ന പ്രതി ആക്രമിക്കുകയായിരുന്നു.
തലക്ക് ഗുരുതരമായി പരിക്കേറ്റ അപ്പക്കുഞ്ഞിയെ ജില്ല ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഞായറാഴ്ച ഉച്ചക്കും മകൻ പിതാവിനെ ആക്രമിച്ചിരുന്നു. വീടിന്റെ അടുക്കളയിൽവെച്ച് തള്ളി താഴെയിട്ടശേഷം ആയുധം ഉപയോഗിച്ച് പലതവണ നെഞ്ചിലുൾപ്പെടെ അടിച്ചു. തള്ളിയതിനെതുടർന്ന് അപ്പക്കുഞ്ഞി സ്റ്റോർ റൂമിലേക്ക് തലയിടിച്ച് വീണു. നിലത്തുവീണ അപ്പക്കുഞ്ഞിയുടെ ദേഹത്ത് കയറിയിരുന്ന് ഹാമർ കൊണ്ട് ക്രൂരമായി മർദിച്ചിരുന്നു. ശേഷം വീടുവിട്ടിറങ്ങിയ പ്രമോദ് വധഭീഷണി മുഴക്കി. ഗുരുതരമായി പരിക്കേൽപിച്ചതിന് മകനെതിരെ ബേക്കൽ പൊലീസ് വധശ്രമത്തിന് കേസെടുത്തിരുന്നു.
വീട്ടിൽ സ്ഥിരമായി പ്രശ്നമുണ്ടാക്കുന്നതിനെതിരെ കഴിഞ്ഞദിവസം അപ്പക്കുഞ്ഞി ബേക്കൽ പൊലീസിൽ പരാതി നൽകിയതാണ് ഏറ്റവും ഒടുവിൽ പ്രകോപനത്തിന് കാരണമായത്. ഞായറാഴ്ചത്തെ ആക്രമണത്തിൽ സാരമായി പരിക്കേറ്റ തലയിൽ വീണ്ടും അടിച്ചതിനെതുടർന്ന് രക്തംവാർന്നാണ് മരണം. രണ്ടുമാസം മുമ്പാണ് ഗൾഫിലായിരുന്ന പ്രമോദ് നാട്ടിലെത്തിയത്. ഭാര്യ: സുജാത. മറ്റുമക്കൾ: അജിത്ത്, റീന, റീത്ത.
