താമരശ്ശേരി. താലൂക്ക് ആശുപത്രിയിൽ പ്രസവ സംബന്ധമായ ചികിത്സ തേടിയെത്തിയ പുതുപ്പാടി ഈങ്ങാപ്പുഴ കോരങ്ങൽ ബിന്ദുവിൻ്റെ നവജാത ശിശു മെഡിക്കൽ കോളേജ് മാതൃ ശിശു സംരക്ഷണ കേന്ദ്രത്തിൽ വെച്ച് മരണപ്പെടാനുണ്ടായ സാഹചര്യത്തെ കുറിച്ച് സമഗ്ര അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കണമെന്ന് മുൻ എംഎൽഎ കാരാട്ട് റസാഖ് പറഞ്ഞു.
ഈ സംഭവത്തിൽ താമരശ്ശേരി താലൂക് ആശുപത്രിയിലെ ജീവനക്കാരുടെ ഭാഗത്ത് നിന്നും അനാസ്ഥ ഉണ്ടായിട്ടുണ്ടെങ്കിൽ ഉത്തരവാദികളായ ജീവനക്കാർക്കെതിരെ അടിയന്തിര നടപടി സ്വീകരിക്കണമെന്നും മുൻ എംഎൽഎ പറഞ്ഞു.
മലയോര മേഖലയിലെ സാധാരണക്കാരായ ജനങ്ങളുടെ ഏക ആശ്രയമായ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ നിസ്സാര കാരണങ്ങൾ പറഞ്ഞ് ഗർഭിണികളടക്കമുള്ള രോഗികളെ മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുന്ന പ്രവണത അധികൃതരുടെ ഭാഗത്ത് നിന്നും വർദ്ധിച്ചിരിക്കുകയാണ്.
തക്കസമയത്ത് പരിചരണം നൽകാതെ രോഗികളെ ബുദ്ധിമുട്ടിക്കുന്ന സമീപനത്തിൽ നിന്നും ജീവനക്കാർ പിന്മാറേണ്ടതാണ്.ഒന്നാം ഇടത് പക്ഷ ജനാതിപത്യ മുന്നണി സർക്കാറിൻ്റെ കാലത്ത് താലൂക്ക് ആശുപത്രിയുടെ മുഖഛായ മാറ്റുന്ന രീതിയിലുള്ള വികസന പദ്ധതിക്ക് നബാർഡ് മുഖേന 13.6 കോടി രൂപ അനുവദിക്കുകയും അതിൻ്റെ ഒന്നാംഘട്ട പ്രവൃത്തിയായ 3.60 കോടിയുടെ പ്രവൃത്തി ആ കാലഘട്ടത്തിൽ ആരംഭിക്കുകയും ചെയ്തിരുന്നു.
എന്നാൽ രണ്ടാം എൽ ഡി എഫ് സർക്കാർ വന്ന് 3 വർഷം കഴിഞ്ഞിട്ടും ഒന്നാം ഘട്ട പ്രവൃത്തി പൂർത്തീകരിക്കുന്നതിനു വേണ്ട നടപടികൾ സമയബന്ധിതമായി സ്വീകരിക്കുന്നതിൽ നിലവിലെ എംഎൽഎ തീർത്തും പരാജയപ്പെട്ടിരിയുകയാണ്.ഒന്നാം ഘട്ട പ്രവൃത്തി തന്നെ പൂർത്തീകരിക്കാൻ കാലതാമസം നേരിട്ടതിനാൽ പദ്ധതി തന്നെ നഷ്ടപ്പെടുന്ന അവസ്ഥയാണ് നിലവിലുള്ളത്. ആശുപത്രിയുടെ ദൈനംദിന കാര്യങ്ങളിൽ ഇടപെടേണ്ട കൊടുവള്ളി ബ്ബോക്ക് പഞ്ചായത്ത് ഭരണസമിതി തീർത്തും പരാജയപ്പെട്ടിരിക്കുകയുമാണ്.
ആരോഗ്യമേഖലയിൽ ലോകത്തിനു തന്നെ മാതൃകയായ കേരളത്തിൻ്റെ നേട്ടങ്ങളെ ഇല്ലായ്മ ചെയ്യുന്ന രീതിയിലുള്ള പ്രവർത്തനങ്ങൾ ചില ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും കാണുവാൻ സാധിക്കുന്നുണ്ട്.
മലയോര ജനതയുടെ ഏക ആശ്രയമായ താമരശ്ശേരി താലൂക്ക് ആശുപത്രിയെ തകർക്കുന്ന സമീപനത്തിൽ നിന്നും എം എൽ എ യും ബ്ലോക് പഞ്ചായത്ത് ഭരണസമിതിയും പിന്മ മാറേണ്ടതാണ്. നവജാത ശിശു മരിക്കാനിടയായ സംഭവത്തിൽ സമഗ്ര അന്യേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ആരോഗ്യമന്ത്രിക്ക് കത്തയച്ചിട്ടുമുണ്ടെന്ന് മുൻ എംഎൽഎ പറഞ്ഞു.
