താമരശ്ശേരി: ജനങ്ങളുടെ ശബ്ദം പാർലമെന്റിനകത്ത് ഉയരണമെങ്കിൽ എൽ.ഡി.എഫ് അംഗങ്ങൾ വിജയിച്ചെത്തണമെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗവുമായ തപൻ സെൻ.
കോഴിക്കോട് ലോക്‌സഭാമണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി എളമരം കരീമിന്റെ തിരഞ്ഞെടുപ്പ് പര്യടനത്തിന്റെ ഭാഗമായി താമരശ്ശേരി പഞ്ചായത്ത് എൽ.ഡി.എഫ് കമ്മിറ്റി സംഘടിപ്പിച്ച റാലിയും പൊതുയോഗവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അടിമുടി അഴിമതിക്കാരായ ആളുകൾ അഴിമതിക്കെതിരെ സംസാരിക്കുന്നതാണ് ഇന്ന് രാജ്യത്ത് കാണുന്നത്. ഇലക്ടറൽ ബോണ്ട് എന്നത് വലിയ അഴിമതിയാണ്. അഴിമതിയെ വ്യവസ്ഥാപിതമാക്കുകയാണ് മോദിയും കേന്ദ്രസർക്കാറും ചെയ്തതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
താമരശ്ശേരി പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന പൊതുസമ്മേളനത്തിൽ കണ്ടിയിൽ മുഹമ്മദ് അധ്യക്ഷനായി. സലീം മടവൂർ, ടി.എം.ജോസഫ്, കെ.അസൈൻ, എ.പി.മുസ്തഫ, വി.കെ.അഷ്‌റഫ് ,ടി.കെ.അരവിന്ദാക്ഷൻ, സി.കെ.വേണുഗോപാലൻ തുടങ്ങിയവർ സംസാരിച്ചു
