Trending

നീറ്റ് പരീക്ഷ നടത്തിപ്പിൽ തെറ്റ് പറ്റിയെങ്കില്‍ അത് സമ്മതിച്ച് തിരുത്തണം; സുപ്രീംകോടതി





ദേശീയ ടെസ്റ്റിങ് ഏജന്‍സിയുടെ നിലപാടുകള്‍ നീതിപൂര്‍വമാകമെന്ന് സുപ്രീംകോടതി. നീറ്റ് പരീക്ഷ നടത്തിപ്പിൽ തെറ്റ് പറ്റിയെങ്കില്‍ അത് സമ്മതിച്ച് തിരുത്തണമെന്ന് കോടതി വാക്കാല്‍ പറഞ്ഞു.  കേസില്‍ കോടതി എന്‍ടിഎയ്ക്കും കേന്ദ്രസര്‍ക്കാരിനും വീണ്ടും നോട്ടിസ് അയച്ചു.  അതേസമയം ചോദ്യപേപ്പർ ചോർച്ച കേസിൽ ശേഖരിച്ച രേഖകളുടെ സൂക്ഷ്മ പരിശോധനയ്ക്കായി ബിഹാറിലെ അന്വേഷണസംഘം ഉടൻ ഡൽഹിയിലെത്തും. നീറ്റ് ക്രമക്കേടിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ആം ആദ്മി പാർട്ടി ജന്തർ മന്തറിൽ പ്രതിഷേധിച്ചു.

നീറ്റ് പരീക്ഷയിൽ ക്രമക്കേടിൽ ഒരു വിദ്യാർത്ഥിയുടെ മാതാപിതാക്കൾ നൽകിയ ഹർജിയിലാണ് സുപ്രീംകോടതിയുടെ വാക്കാലുള്ള പരാമർശം. ചെറിയ പിഴവാണ് ഉണ്ടായതെങ്കിൽ പോലും അത് സമതിച്ച് ,പരിഹാരം കാണണം. വിദ്യാർത്ഥികളുടെ കഠിനാധ്വാനം മറക്കരുത്. പരീക്ഷ നടത്തുന്ന ഒരു ഏജൻസി എന്ന നിലയിൽ NTA നീതിപൂർവ്വം പ്രവർത്തിക്കണം. ഇക്കാര്യങ്ങളിൽ എല്ലാം രണ്ടാഴ്ചയ്ക്കകം മറുപടി നൽകാൻ ആവശ്യപ്പെട്ട് NTA ക്കും കേന്ദ്രസർക്കാരിനും സുപ്രീം കോടതി വീണ്ടും നോട്ടീസ് അയച്ചു. 

ജൂലൈ 8 ന് കേസ് പരിഗണിക്കും. അതേസമയം അന്വേഷണത്തിനിടെ ഇതുവരെ ലഭിച്ച ആറു ചെക്കുകൾ, പണമിടപാട് രേഖകൾ, ചോദ്യപേപ്പറുകൾ അടക്കമുള്ളവയുമായാണ് ബീഹാറിലെ അന്വേഷണ സംഘം ഡൽഹിയിലെത്തുന്നത്.  സൂക്ഷ്മ പരിശോധനയ്ക്കും ചോദ്യപേപ്പറുകളുടെ ഒത്തുനോക്കലിനും ശേഷം തുടർനടപടികൾ  സ്വീകരിക്കും. നേരത്തെ നോട്ടീസ് നൽകിയ 9 പേരെ അന്വേഷണസംഘം  ഉടൻ ചോദ്യം ചെയ്യും. സംസ്ഥാനത്ത് മത്സര പരീക്ഷകളുടെ സുതാര്യത ഉറപ്പാക്കാനും  ക്രമക്കേട് ഒഴിവാക്കാനും പുതിയ  നിയമ നിർമ്മാണം നടത്താനുള്ള   ശ്രമത്തിലാണ് നിതീഷ് കുമാര്‍ സർക്കാർ. വരുന്ന നിയമസഭ സമ്മേളനത്തിൽ ഇതിനായുള്ള  ബിൽ കൊണ്ടുവന്നേക്കും. പുനപരീക്ഷ, സിബിഐ അന്വേഷണം എന്നീ ആവശ്യങ്ങൾ ഉയർത്തി ഡൽഹി ജന്തർമന്തറിൽ ശക്തമായ പ്രതിഷേധമാണ് ആം ആദ്മി പാർട്ടി സംഘടിപ്പിച്ചത്. പാർട്ടി എംപിമാരും എംഎൽഎമാരും കൗൺസിലർമാരും  പ്രതിഷേധ സംഗമത്തിൽ പങ്കെടുത്തു

Post a Comment

Previous Post Next Post