Trending

ജീവനക്കാർക്ക് പോലീസ് സുരക്ഷ നൽകും; വൈദ്യുതി പുനസ്ഥാപിക്കാൻ നിർദ്ദേശിച്ചെന്ന് മന്ത്രി





തിരുവമ്പാടി കെഎസ്ഇബി ഓഫിസ് ഉദ്യോഗസ്ഥരെ മര്‍ദിച്ചതിന്‍റെ പേരില്‍ വൈദ്യുതി വിച്ഛേദിച്ച അ‍‍‍ജ്മലിന്‍റെ വീട്ടില്‍ കണക്ഷന്‍ പുനഃസ്ഥാപിക്കാന്‍ തീരുമാനം. വൈദ്യുതി ബോര്‍ഡ് ചെയര്‍മാനുമായി സംസാരിച്ചെന്ന് മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു.


ഉദ്യാഗസ്ഥര്‍ക്ക് സുരക്ഷ നല്‍കാമെന്ന് പൊലീസ് ഉറപ്പും‌നല്‍കിയ പശ്ചാതത്തിലാണ് തീരുമാനം.

പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം. സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷനും കേസെടുത്തിട്ടുണ്ട്. പ്രഥമദൃഷ്ട്യാ മനുഷ്യാവകാശ ലംഘനം നടന്നെന്ന് മനുഷ്യാവകാശ കമ്മീഷൻ ആക്ടിങ് ചെയർമാൻ കെ. ബൈജുനാഥ് പറഞ്ഞു. ഒരാഴ്ചയ്ക്കകം മറുപടി നൽകാൻ കെഎസ്ഇബിക്ക് നോട്ടീസ്.
കഴിഞ്ഞദിവസമാണ് വൈദ്യുതി ബില്ല് അടയ്ക്കാത്തതിനെ തുടര്‍ന്ന് അജ്‌മലിന്‍റെ വീട്ടിലെ കണക്ഷന്‍ കെ.എസ്.ഇ.ബി വിഛേദിച്ചിത്. കണക്ഷന്‍ വിഛേദിച്ച ലൈന്‍മാന്‍ പ്രശാന്തിനെ അജ്മല്‍ മര്‍ദിച്ചിരുന്നു. ഇതില്‍ കേസെടുത്തതോടെ കെ.എസ്.ഇ.ബി ഓഫീസിലെത്തിയ അജ്‌മലും സഹോദരനും അസിസ്റ്റന്‍റ് എന്‍ജീനിയര്‍ പ്രശാന്തിനെ കയ്യേറ്റം ചെയ്യുകയും ദേഹത്ത് മലിനജലം ഒഴിക്കുകയും ചെയ്തു. ഓഫീസിലെ കമ്പ്യൂട്ടര്‍ അടക്കമുള്ള ഉപകരണങ്ങളും തകര്‍ത്തു. മൂന്നുലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നാണ് കെഎസ്ഇബി പറയുന്നത്.

ഇതിനെ തുടര്‍ന്ന് കെഎസ്ഇബി ചെയര്‍മാന്റ ഉത്തരവനുസരിച്ച് പ്രതികളുടെ വീട്ടിലെ വൈദ്യുതി വിച്ഛേദിച്ചിരുന്നു. തിരുവമ്പാടി സ്വദേശികളായ അജ്‌മലിന്റേയും സഹോദരന്‍ ഷഹദാദിന്റേയും വീട്ടിലെ വൈദ്യുതിയാണ് വിച്ഛേദിച്ചത്. അജ്‍മലിന്‍റെ അച്ഛന്‍ റസാക്കിന്‍റെ പേരിലാണ് വൈദ്യുതി കണക്ഷന്‍. വൈദ്യുതി വിച്ഛേദിച്ചതിനെതിരെ കുടുംബം പൊലീസിനെ സമീപിച്ചിട്ടുണ്ട്. അജ്‌മല്‍ വൈദ്യുതി കുടിശ്ശിക വരുത്തുന്നതും ജീവനക്കാരെ ഭീഷണിപ്പെടുത്തുന്നതും പതിവാണെന്നും അധികൃതര്‍ പറഞ്ഞു. ആക്രമണത്തില്‍ പ്രതിഷേധിച്ച് കെഎസ്ഇബി ജീവനക്കാര്‍ നഗരതതില്‍ പ്രകടനം നടത്തി. അജ്മലിന് പിന്തുണയുമായി യൂത്ത് കോണ്‍ഗ്രസും രംഗത്തുവന്നു.

കെ.എസ്.ഇ.ബി.യുടെ ചരിത്രത്തില്‍ ആദ്യമായാണ് അക്രമം നടത്തിയതിന്റ പേരില്‍ വൈദ്യുതി വിച്ഛേദിക്കുന്നത്. വീട്ടിലേക്കുള്ള വൈദ്യുതിബന്ധം വിച്ഛേദിച്ചതില്‍ പ്രതിഷേധിച്ച് കെഎസ്ഇബി ഓഫീസിന് മുമ്പിൽ മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ച് അജ്മലിന്‍റെ മാതാപിതാക്കൾ രംഗത്തെത്തിയിരുന്നു. പ്രതിഷേധത്തിനിടെ അജ്മലിന്‍റെ അച്ഛന്‍ കുഴഞ്ഞുവീണു.

Post a Comment

Previous Post Next Post