കോഴിക്കോട് :ഒളവണ്ണക്ക് സമീപം മാമ്പുഴക്കാട്ട് മീത്തൽ കോളനിയിലെ പി ആർ രാമചന്ദ്രന്റെ വീടിന്റെ മേൽക്കൂര തകർന്നുവീണു.
ബുധനാഴ്ച ഉച്ചക്ക് പന്ത്രണ്ട് മണിയോടെയാണ് ശക്തമായ കാറ്റിലും മഴയിലും മേൽക്കൂര പൂർണമായും തകർന്നു വീണത്.
അപകട സമയത്ത് രാമചന്ദ്രൻ ജോലിക്ക് പോയതായിരുന്നു.
പരിസരവാസികൾ വിവരമറിയിച്ചപ്പോഴാണ് വീട് തകർന്ന വിവരം രാമചന്ദ്രൻ അറിഞ്ഞത്.
മേൽക്കൂര വീട്ടിനുള്ളിലേക്ക് പതിച്ചതോടെ വീട്ടിലുണ്ടായിരുന്ന ഇലക്ട്രിക്കൽ ഇലക്ട്രോണിക്സ് ഉപകരണങ്ങളെല്ലാം നശിച്ചു.
കൂടാതെ വീട്ടുസാധനങ്ങളും വസ്ത്രങ്ങളും എല്ലാം നശിച്ചു.
ടിഡിആർഎഫ് പ്രവർത്തകർ സ്ഥലത്ത് എത്തി തകർന്നുവീണ മേൽക്കൂര നീക്കം ചെയ്തു.
വീട് പൂർണമായി തകർന്നതോടെ
വീട്ടിൽ ഒറ്റയ്ക്ക് താമസിക്കുന്ന കൂലിപ്പണിക്കാരനായ രാമചന്ദ്രന്
കിടക്കാൻ പോലും ഇടം ഇല്ലാത്ത അവസ്ഥയായി.
ഒളവണ്ണ പഞ്ചായത്തിലും വില്ലേജ് ഓഫീസിലും വിവരമറിയിച്ചിട്ടുണ്ട്.
ഒരു മാസത്തിനിടെ നാലാമത്തെ വീടാണ് കാറ്റിലും മഴയിലും മാമ്പുഴക്കാട്ട് കോളനിയിൽ നിലം പതിച്ചത്.അഞ്ചുദിവസം മുമ്പ് രാമചന്ദ്രന്റെ വീടിനോട് ചേർന്നുള്ള
ജോയി എന്നയാളുടെ വീടും തകർന്നിരുന്നു.
