എടപ്പാൾ : പൂച്ച കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർ മരിച്ചു. പൊന്നാനി തെയ്യങ്ങാട് സ്വദേശി തിയ്യത്ത് ഹൗസിൽ ഹരിദാസിന്റെ മകൻ 33 വയസുള്ള വിബിൻദാസ് ആണ് മരിച്ചത്. എടപ്പാൾ പൊന്നാനി റോഡിൽ തുയ്യം പെട്രോൾ പമ്പിന് മുൻവശത്ത് പുലർച്ചെ ഒരു മണിയോടെയാണ് അപകടം.
പൊന്നാനിയിൽ നിന്ന് എടപ്പാളിലേക്ക് യാത്രക്കാരുമായി വരികയായിരുന്നു ഓട്ടോറിക്ഷ. പെട്ടെന്ന് മുന്നിലേക്ക് പൂച്ച ചാടി. ഇതിനെ രക്ഷപെടുത്താനായി ഓട്ടോ വെട്ടിച്ചപ്പോഴാണ് അപകടം. പരിക്കേറ്റ ഡ്രൈവറെയും യാത്രക്കാരെയും നാട്ടുകാർ ചേർന്ന് എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. എങ്കിലും ഡ്രൈവറെ രക്ഷപ്പെടുത്താനായില്ല. ഓട്ടോയിൽ ഉണ്ടായിരുന്ന യാത്രക്കാരുടെ പരിക്കുകൾ ഗുരുതരമല്ല.
