പാലക്കാട്: വീട്ടിൽ നിധിയുണ്ടെന്ന് വിശ്വസിപ്പിച്ചു വീട്ടമ്മയിൽ നിന്ന് 8 പവൻ സ്വർണ്ണാഭരണം തട്ടിയെടുത്ത വ്യാജ സിദ്ധൻ പാലക്കാട് ചെർപ്പുളശ്ശേരിയിൽ അറസ്റ്റിൽ. 45കാരൻ തിരുമിറ്റക്കോട്ട് നെല്ലിക്കാട്ടിരി തെക്കുംകര വളപ്പിൽ റഫീഖ് മൗലവിയാണ് പിടിയിലായത്. നാലു ലക്ഷത്തിലധികം രൂപ വിലവരുന്ന സ്വര്‍ണ്ണാഭരണങ്ങളാണ് ഇയാള്‍ തട്ടിയെടുത്തത്. നെല്ലായ സ്വദേശിനിയായ വീട്ടമ്മയുടെ പരാതിയിലാണ് അറസ്റ്റ്.
സമൂഹമാധ്യമത്തിൽ ചാരിറ്റി സംബന്ധമായി വന്ന പോസ്റ്റിന് താഴെ സഹായം അഭ്യർത്ഥിച്ച് ഫോൺ നമ്പർ സഹിതം കമന്‍റിട്ട വീട്ടമ്മയാണ് തട്ടിപ്പിനിരയായത്. ഈ നമ്പറിൽ ബന്ധപ്പെട്ട റഫീഖ് മൗലവി വിവരങ്ങൾ അന്വേഷിക്കുകയും താൻസിദ്ധനാണെന്നും പ്രശ്നങ്ങളെല്ലാം പരിഹരിച്ചു തരാമെന്നും പറഞ്ഞ് വീട്ടമ്മയുടെ വിശ്വാസം നേടിയെടുക്കുകയായിരുന്നു. അബ്ദുൾ റഷീദ് തങ്ങൾ എന്ന വ്യാജ പേരിലായിരുന്നു തട്ടിപ്പ്.