വി എസിന്റെ വേര്‍പാടില്‍ അനുശോചിച്ച് രാജ്യതലസ്ഥാനവും. ദില്ലി എ കെ ജി ഭവനില്‍ നടന്ന അനുശോചന ചടങ്ങിലേക്ക് ഒഴുകിയെത്തിയത് സി പി ഐ എം നേതാക്കളും പ്രവര്‍ത്തകരും തുടങ്ങി നൂറുകണക്കിനാളുകള്‍. കേന്ദ്ര കമ്മിറ്റി അംഗമായിരിക്കെ വര്‍ഷങ്ങളോളം വി എസിനോടൊപ്പം പ്രവര്‍ത്തിച്ച ഓര്‍മകള്‍ നേതാക്കള്‍ പങ്കുവച്ചു. നിറചിരിയോടെയുള വിഎസിന്റെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തുമ്പോള്‍ സഖാക്കള്‍ ഉറക്കെ ആവേശത്തോടെ വിളിച്ചു; ‘കോമ്രേഡ് വി എസ് അമര്‍ രഹേ’….
ദില്ലിയിലെ പാര്‍ട്ടി ആസ്ഥാനമായ എ കെ ജി ഭവനില്‍ നടന്ന വി എസ് അനുശോചനച്ചടങ്ങിലേക്ക് ഒഴുകിയെത്തിയതില്‍ വര്‍ഷങ്ങളോളം വി എസിനൊപ്പം പ്രവര്‍ത്തിച്ച നിലോല്‍പല്‍ബസു, തപൻസെന്‍, ഹനന്‍മുള്ള തുടങ്ങിയ മുതിര്‍ന്ന നേതാക്കളുണ്ട്. കശ്മീരില്‍ നിന്നുള്ള പാര്‍ട്ടി കേന്ദ്രകമ്മിറ്റിയംഗം മുഹമ്മദ് യൂസഫ് തരിഗാമി വി എസിന് അന്ത്യാഭിവാദ്യമര്‍പ്പിക്കാന്‍ പാര്‍ട്ടി ആസ്ഥാനത്തെത്തി. വി എസിന്റെ വിയോഗം വൈകാരികമായല്ലാതെ ഓര്‍ക്കാനാകില്ലെന്ന് തരിഗാമി പറഞ്ഞു.
പൊളിറ്റ് ബ്യൂറോ അംഗം അംമ്രാറാം, സി ഐ ടി യു, കിസാന്‍ സഭ തുടങ്ങിയ ഇടതു ബഹുജന സംഘടന നേതാക്കളും പ്രവര്‍ത്തകരും വി എസിനെ അനുസ്മരിച്ചു. സോപാന സംഗീത ഗായകന്‍ ഞരളത്ത് ഹരിഗോവിന്ദന്‍ വി എസിനായി ഇടയ്ക്ക കൊട്ടിയതും പാര്‍ട്ടി ആസ്ഥാനത്തെ വൈകാരിക കാഴ്ചയായി. കോണ്‍ഗ്രസ് എം പിമാരായ എന്‍ കെ പ്രേമചന്ദ്രന്‍, ഹൈബി ഈഡന്‍, ബെന്നി ബഹനാന്‍ തുടങ്ങിവരും എ കെ ജി ഭവനിലെത്തി.
മലയാളി കൂട്ടായ്മയായ ജന സംസ്‌കൃതി പ്രവര്‍ത്തകരും ആവേശകരമായ മുദ്രാവാക്യം വിളിച്ച് വി എസ് അച്യുതാനന്ദന്‍ എന്ന കമ്മ്യൂണിസ്റ്റ് നേതാവിന് അന്ത്യാഞ്ജലി അര്‍പ്പിച്ചു. ദില്ലി കേരള ഹൗസിലും വി എസിന് അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖരെത്തി.